കൽപ്പറ്റ: സുത്താൽ ബത്തേരിയിൽ സ്ത്രീധന പീഡന പരാതിയുമായി അമ്മയും മകളും രം​ഗത്ത്. വിവാഹ മോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ചാണ് ഇവർ ഭർതൃവീടി​ന്റെ മുന്നിൽ പ്രതിഷേധിച്ചത്. ഇരുവരെയും പൊലീസ് എത്തി സമാധാനിപ്പിച്ചു മടക്കി അയ്യയ്ക്കുകയായിരുന്നു. പതിനൊന്നുകാരിയായ മകളെയും കൂട്ടി ഷഹാന ബാനുവാണ് നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെ പ്രതിഷേധത്തിനെത്തിയത്.ഒന്നര വർഷമായി ഭർത്താവിൽ നിന്നും മാറി താമസിക്കുകയായിരുന്നു ഷഹാനയും മകളും. എന്നാൽ ഇതിനിടെ ഭർത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികൾ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന ആരോപിച്ചു. നടപടികൾ അവസാനിക്കുന്നതിന് മുൻപ് യുവാവ് മറ്റൊരാളെ വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവരികയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഷഹാനയും മകളും ഭർത്താവിന്റെ വീടിന്റെ മുന്നിലെത്തി ബഹളം വെച്ചത്.സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനം സഹിക്കേണ്ടി വന്നിരുന്നു എന്നും ഭർത്താവും കുടുംബവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഷഹാന ആരോപിച്ചു. അതേസമയം കുടുംബത്തിന് ചേരത്ത രീതിയിലുള്ള ഷഹാനയുടെ ജീവിതമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഭർതൃ വീട്ടുകാരുടെ വാദം. ഭർത്താവിനെ അനുസരിക്കില്ല, പറന്നു നടക്കണം, പുതിയ ഫാഷനിലുള്ള വസ്ത്രം ധരിക്കണം അതൊന്നും ഈ കുടുംബത്ത് നടക്കില്ല. ജിമ്മും മറ്റുമായി ആടിപ്പാടി നടക്കുകയാണ് ചെയ്തിട്ടുള്ളത്. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വെച്ചു പൊറുപ്പിക്കാൻ പറ്റില്ല- ഭർത്താവിന്റെ ബന്ധു പറഞ്ഞു.പൊലീസ് ഭർത്താവിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നാണ് ഇടപെട്ടതെന്ന് ഷഹാന ആരോപിച്ചു. ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി യുവതിയും മകളും ബത്തേരി ആശുപത്രിയിൽ ചികിത്സ തേടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!