ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി യോഗം ഇന്ന് ചേരും. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ സഖ്യത്തിലെ ഏകോപന സമിതി അംഗങ്ങളും പാർട്ടി നേതാക്കളും പങ്കെടുക്കും. പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യകക്ഷികളോട് സ്വീകരിച്ച സമീപനവും യോഗത്തിൽ ചർച്ചയാകും.നേരത്തെ തന്നെ സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ് എന്നീ പാർട്ടികൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. അതേസമയം ബംഗാളിൽ തൃണമൂലും ഇടതും കോൺഗ്രസും തമ്മിലുള്ള സഖ്യം സാധ്യമെന്ന് മമത ബാനർജി പറഞ്ഞത് പ്രതിപക്ഷ ഐക്യത്തിന് ആശ്വാസകരമാണ്.കേന്ദ്രസർക്കാരിനെതിരായ ദേശ വ്യാപക പ്രക്ഷോഭം, സഖ്യത്തിന്റെ നേതാക്കൾ അണിനിരക്കുന്ന റാലികൾ എന്നിവ സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടക്കും. അതിനിടെ യോഗത്തിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മമത ബാനർജിയും കൂടിക്കാഴ്ച്ച നടത്തി. 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയെക്കുറിച്ച് പ്രതികരിക്കാൻ കെജ്രിവാൾ തയ്യാറായില്ല. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. വൈകുന്നേരം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!