പാലക്കാട്: നാല് വയസ്സുകാരന്റെ കൊലപാതകത്തിൽ ബന്ധുവായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. വണ്ണാമല തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ റിത്വിക്കിനെയാണ് മധുസൂദനന്റെ സഹോദരന്റെ ഭാര്യ കൊലപ്പെടുത്തിയത്. സംഭവ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.മധുസൂദനന്റെ അമ്മ പത്മാവതി പനിയെ തുടർന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ അടുത്തേക്ക് പോകാനാണ് ആതിര മകൻ റിത്വിക്കിനെ ദീപ്തിയുടെ അടുത്താക്കിയത്. ദീപ്തിക്ക് അഞ്ച് വയസ്സുള്ള മകളുണ്ട്. ആതിരയും മധുസൂദനനും പിതാവ് രവിയും ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തി വാതിലിൽ തട്ടിയെങ്കിലും ആരും തുറന്നില്ല. ഒടുവിൽ ദീപ്തിയുടെ അഞ്ച് വയസ്സുകാരി മകളാണ് വാതിൽ തുറന്ന് കൊടുത്തത്.വീട്ടിൽക്കയറിയപ്പോൾ റിത്വിക്കിനെ അനക്കമില്ലാത്ത നിലയിലും യുവതിയെ രക്തം വാർന്ന് അബോധാവസ്ഥയിലും കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിത്വിക്ക് മരിച്ചിരുന്നു. റിത്വിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. കരുവപ്പാറ സെയ്‌ൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി. വിദ്യാർഥിയാണ് റിത്വിക്.അഞ്ച് വര്‍ഷം മുമ്പ് ദീപ്തിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് കൈയില്‍ സ്വയം മുറിവ് വരുത്തിയിരുന്നു. എന്നാല്‍, സമീപ കാലത്തൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.