തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നും വീണ്ടും മണൽവാരാൻ അവസരമൊരുങ്ങുന്നു. ഇതിനായി റവന്യു വകുപ്പ് നിയമത്തിൽ മാറ്റം വരുത്തും. നിർമാണമേഖലയുടെ നീണ്ടകാലത്തെ ആവശ്യവും നദികളിലെ മണൽ നിക്ഷേപവും കണക്കിലെടുത്താണ് വീണ്ടും മണൽ വാരാൻ അനുമതി നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. ഹൈക്കോടതിവിധിയെത്തുടർന്നാണ് സംസ്ഥാനത്തെ നദികളിൽ നിന്നും മണൽ വാരുന്നത് നിരോധിച്ചിരിക്കുന്നത്,.മണൽ വാരൽ വീണ്ടും തുടങ്ങാൻ റവന്യുവകുപ്പ് നിയമത്തിൽ മാറ്റം വരുത്തുന്നതിനുള്ള കരട്ബിൽ തയ്യാറാക്കാൻ നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് രൂപംനൽകി. നിയമത്തിൽ മാറ്റംവന്നാൽ ആറ്റുമണൽലഭ്യത എളുപ്പമാവും. അമിതവില നൽകേണ്ടിവരുന്നത് ഒഴിവാക്കാനുമാകും. തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും പുതിയൊരു വരുമാന മാർഗവും തെളിയും.മണൽവാരൽ അനുവദിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ഉയരുമെന്നത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സർക്കാരിന് ആശ്വാസവുമാകും. ഇതെല്ലാം മുന്നിൽക്കണ്ടാണ് നിയമഭേദഗതി അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽചേർന്ന യോഗം തീരുമാനിച്ചത്.കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് 2001-ലെ നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം ഭേദഗതിചെയ്യാനാണ് തീരുമാനം. കേന്ദ്രത്തിന്റെ പുതിയ നിർദേശപ്രകാരം ജില്ലാതല സർവേറിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ മണൽവാരലിന് അനുമതി നൽകാനാകു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോനദിക്കും വെവ്വേറേ പാരിസ്ഥിതികാനുമതിയും തേടണം. തുടർന്ന് മണൽ ഖനനപദ്ധതി തയ്യാറായാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കടവുകൾ ലേലംചെയ്ത് നൽകാനാകും.32 നദികളിലെ മണൽശേഖരത്തിന്റെ വിലയിരുത്തലാണ് (സാൻഡ് ഓഡിറ്റിങ്) പൂർത്തിയായത്. ഇതിൽ 17-ൽ മണൽ നിക്ഷേപം കണ്ടെത്തി. പാരിസ്ഥിതിക അനുമതിയോടെ ഇവിടെ നിയന്ത്രിത അളവിൽ മണൽവാരാമെന്നാണ് ശുപാർശ. 14 നദികളിൽ മൂന്നുവർഷത്തേക്ക് മണൽവാരൽ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഈ പട്ടിക അന്തിമമാക്കിയിട്ടില്ല.ജി.പി.എസിലൂടെ നദികളുടെ മാപ്പിങ് നടത്തുന്നതാണ് മണൽശേഖര വിലയിരുത്തലിന്റെ ആദ്യപടി. നദീതടത്തിൽ അടിഞ്ഞ മണൽ, എക്കൽ എന്നിവയുടെ തോത് ഉപഗ്രഹസർവേയിലൂടെ നിർണയിക്കുകയാണ് അടുത്തപടി. ഫെബ്രുവരി-മേയ് മാസങ്ങളിൽ നേരിട്ടുള്ള പരിശോധനയും നടത്തും.അച്ചൻകോവിൽ, പമ്പ, മണിമല, പെരിയാർ, മൂവാറ്റുപുഴ, ഭാരതപ്പുഴ (സ്‌ട്രെച്ച് ഒന്നുമുതൽ മൂന്നുവരെ), കടലുണ്ടി, ചാലിയാർ, പെരുമ്പ, വളപട്ടണം, ശ്രീകണ്ഠാപുരം, മാഹി, ഉപ്പള, മൊഗ്രാൽ, ഷിറിയ, ചന്ദ്രഗിരി (പാർട്ട് 2) എന്നീ നദികളിൽ വീണ്ടും മണൽവാരാൻ അനുമതി നൽകാനാണ് ആലോചന. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമ പട്ടിക ഇനിയും തയ്യാറായിട്ടില്ല.