കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച് ചരിത്ര നേട്ടം കൈവരിച്ച കോഴിക്കോടിനിതാ മറ്റൊരു നേട്ടവും. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കനുസരിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.19 നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് കോഴിക്കോട്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുളള നഗരങ്ങളാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിലുളളത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എന്‍ സി ആര്‍ ബി പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങൾ പ്രകാരമുളള കേസുകളാണ് അടിസ്ഥാനം.