കല്‍പ്പറ്റ: വയനാട് വാകേരിയില്‍ കടുവയെ കണ്ടെത്താനായില്ല. ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. 22 ക്യാമറ ട്രാപ്പുകളാണ് പലയിടത്തായി സ്ഥാപിച്ചിരിക്കുന്നത്. പുതിയതായി കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂടിന് പുറമെ ഒരു കൂടുകൂടി കൂടല്ലൂരിൽ എത്തിച്ചിട്ടുണ്ട്.നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം.ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് ഇന്നലെ തെരച്ചിൽ നടത്തിയത്. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. പ്രജീഷ് എന്ന യുവ ക്ഷീര കർഷകനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.