കൊച്ചി: ഷൂ ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി. പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂ എറിഞ്ഞ സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണെന്നും ഇവിടെയുള്ളവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ള എറിയാൻ വരുന്നവരെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര സർക്കാർ സർക്കാരിനെ അസ്ഥിരപ്പെടുത്താനും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് ഇടപെടാനും ശ്രമിക്കുകയാണ്. സർക്കാരിനെ ദുർബലപെടുത്താനാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് നേർക്ക് കരിങ്കൊടി വീശിയായിരുന്നു ആദ്യം പ്രതിഷേധം. ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകർ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നെ മർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്‍യു പതാകകൾ ഡിവൈഎഫ്ഐക്കാർ പിടിച്ചെടുത്ത് കത്തിച്ചു. പിന്നാലെ പ്രതിഷേധക്കാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ യോഗം കഴിഞ്ഞ കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേർക്ക് ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തെ പ്രസംഗത്തിന്‍റെ തുടക്കത്തിൽത്തന്നെ മുഖ്യമന്ത്രിയുടെ മറുപടിയും പറഞ്ഞു.