കോഴിക്കോട്: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന അധ്യാപകന് ജോലി തെറിച്ചു. കോഴിക്കോട് നൊച്ചാട് എഎൽപി സ്കൂളിലെ അധ്യാപകനായ സി.കെ.അജീഷിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് മണ്ഡ‍ലം സെക്രട്ടറിയായ അജീഷ് കേസുകളിൽ ഉൾപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ പൊലീസ് കള്ളക്കേസ് എടുത്തതാണെന്നും സിപിഎം രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു എന്നുമാണ് അജീഷ് വ്യക്തമാക്കുന്നത്.നൊച്ചാട് കോൺഗ്രസ് ഓഫിസിന് നേരെയുണ്ടായ അക്രമണമാണ് എല്ലാത്തിനും തുടക്കം. ആക്രമണത്തിന് പിന്നാലെ കോൺഗ്രസിൻറെ മുതിർന്ന നേതാവിനെ ഒരുസംഘം മർദിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയതായിരുന്നു അധ്യാപകനായിരുന്ന സി.കെ.അജീഷ്. കത്തിക്കും എന്ന് പറഞ്ഞത് കലാപാഹ്വാനം ആണെന്നാണ് പൊലീസ് വാദം. കേസെടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ.ടി.പി.രാമകൃഷ്ണൻ എംഎൽഎയുടെ പരാതിയിലാണ് വകുപ്പുതല നടപടി. കലാപാഹ്വാനത്തിന് പുറമേ പൊലീസിനെ ആക്രമിച്ചതിനും അജീഷിനെതിരെ കേസുണ്ട്. ഇതിൽ കോടതിയിൽ‌നിന്ന് മുൻകൂർ ജാമ്യമെടുത്തിരുന്നു. ഇതിന് പിന്നാലെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജർക്ക് എഇഒ കത്ത് നൽകി. അധ്യാപകൻ നൽകിയ വിശദീകരണം തൃപ്തികരമായതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്നായിരുന്നു മാനേജറുടെ മറുപടി.തുടർന്ന്, നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എഇഒക്ക് നിർദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അജീഷിൻറെ തീരുമാനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!