കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോ.പ്രഫസറായി നിയമനം നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയത്. പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്ന് കോടതി പറയുന്നു. ഗവേഷണകാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്നും കോടതി പറയുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ പോലും പ്രിയ വർഗീസിനില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.അസോ.പ്രഫസർ നിയമനത്തിന് വേണ്ടത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമാണ്. എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലഘട്ടവും അദ്ധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിയ്ക്ക് കഴിയില്ല. യുജിസി റെഗുലേഷൻ ആണ് പ്രധാനം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പ്രിയ വർഗ്ഗീസിന്റെ വാദം സാധൂകരിക്കാനാകില്ലെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗ്ഗീസിന് മതിയായ യോഗ്യതയില്ലെന്നും കോടതി അറിയിച്ചു.യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികകയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസി കോടതിയെ അറിയിച്ചിരുന്നത്. എൻഎസ്എസ് കോർഡിനേറ്ററായിട്ടുള്ള പ്രവൃത്തി പരിചയത്തെ അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഇന്നലെ ഹൈക്കോടതിയും വ്യക്തമായിരുന്നു. അതസമയം പ്രിയ വർഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നായിരുന്നു നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർവ്വകലാശാല നിലപാട്.വിവാദങ്ങളുടെ തുടക്കംതൃശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ കണ്ണൂർ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവച്ച റാങ്ക് പട്ടിക അടുത്തിടെ സിൻഡിക്കറ്റ് അംഗീകരിച്ച് നിയമനം നൽകുകയായിരുന്നു. ഇതിനുപിന്നാലെ യു ജി സി ചട്ടപ്രകാരം എട്ടു വർഷം അസി. പ്രൊഫസറായി അദ്ധ്യാപന പരിചയമില്ലാത്തതിനാൽ പ്രിയയുടെ നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകുകയായിരുന്നു.കേരളവർമ്മ കോളേജിൽ മൂന്നു വർഷം മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എൻ എസ് എസ് കോ-ഓർഡിനേറ്റർ ആയി ജോലി ചെയ്ത കാലയളവും, കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത മൂന്ന് വർഷവും കൂട്ടിച്ചേർത്ത് അദ്ധ്യാപന പരിചയമായി കണക്കിലെടുത്തെന്നായിരുന്നു ഗവർണർക്ക് നൽകിയ പരാതി. ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നാണ് യു.ജി.സി വ്യവസ്ഥയെന്നും പരാതിയിൽ പറയുന്നു.ഹൈക്കോടതിയിൽ ഹർജികാൽനൂറ്റാണ്ട് അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അദ്ധ്യപകൻ ജോസഫ് സ്കറിയയേയും മലയാളം സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്. ഇതിനെതിരെ ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പ്രിയയ്ക്ക് അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോയതുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നൽകാനൊരുങ്ങുന്നതെന്നുമാണ് ഹർജിക്കാരന്റെ വാദം.പിഎച്ച് ഡി പഠനവും ഡെപ്യൂട്ടേഷൻ കാലാവധിയുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് പ്രിയ വർഗീസിന്റെ വാദം. സ്റ്റുഡന്റ്സ് ഡയറക്ടർ പദവിയിലിരിക്കെ എൻ എസ് എസ് കോ -ഓർഡിനേറ്ററായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.അതേസമയം, അദ്ധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ ആ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അദ്ധ്യാപന പരിചയത്തിൽപ്പെടുന്നില്ല. പിഎച്ച് ഡി ഹാജർ സംബന്ധിച്ചും സംശയമുണ്ടെന്നാണ് യു ജി സി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പ്രിയ വർഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിമർശനം.പ്രിയയുടെ ഉത്തരം മുട്ടിച്ച ഹൈക്കോടതിയുടെ അഞ്ച് ചോദ്യങ്ങൾ1- ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നോ?2- സ്റ്റുഡന്റ്സ് ഡയറക്ടർ പദവി വഹിക്കുന്നത് എങ്ങനെ അദ്ധ്യാപന പരിചയമാവും?3- എൻ എസ് എസ് കോ-ഓർഡിനേറ്ററായിരുന്നത് ഇപ്പോഴല്ലേ പറയുന്നത് ?4- മതിയായ യോഗ്യതയുടെ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകിയിരുന്നോ?5- സ്ക്രൂട്ടിനി കമ്മിറ്റിക്കു നൽകാത്ത വിവരങ്ങൾ കോടതിയിൽ പറഞ്ഞിട്ടെന്തുകാര്യം?ഇന്നത്തെ ഹൈക്കോടതി വിധി പ്രിയ വർഗീസിന് മാത്രമല്ല, സംസ്ഥാന സർക്കാരിനെ സംബന്ധിച്ചും ഏറെ നിർണായകമായ ഒന്നാണ്. വിധി പ്രതികൂലമായതോടെ സർക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടുന്ന ആയുധമായിരിക്കുകയാണ്. തന്റെ വാദങ്ങളെല്ലാം ശരിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വാദിക്കാനുള്ള ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്.സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും എന്നാൽ, സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സർവകലാശാലകളെ പാർട്ടി വകുപ്പുകളാക്കി മാറ്റാൻ അനുവദിക്കില്ല. അവയുടെ നടത്തിപ്പിന് കൃത്യമായ നിയമങ്ങളുണ്ട്. അത് രാജ്യത്തെ നിയമമാണ്. വ്യക്തികളുടെ നിയമമല്ല. സുപ്രീംകോടതിയും ഹൈക്കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.