കൊല്ലം: ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ മറ്റ് ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ നേരത്തെ ശ്രമിച്ചെന്ന് സൂചന. തട്ടിക്കൊണ്ടുപോകലിനുള്ള കാരണം, കൂടുതൽ ആളുകളുടെ പങ്കാളിത്തം എന്നാവയിൽ ഇനിയും വ്യക്തത വരാനുണ്ട്. ഇവ മറ നീക്കി പുറത്തുകൊണ്ടു വരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നാളെ പ്രതികളുമായി തെളിവെടുപ്പ് നടത്തും.പ്രതികൾ കൂടുതൽ കുട്ടികളെ ലക്ഷ്യം വച്ചിരുന്നുവെന്ന സൂചന ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മൂന്നാം പ്രതി അനുപമയുടെ നോട്ട് ബുക്കിൽ നിന്ന് ഇക്കാര്യത്തിൽ ചില വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടി. കൃത്യമായ പദ്ധതി ഒരുക്കിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമാകുന്ന വിവരങ്ങൾ ചോദ്യം ചെയ്യലിലും ലഭിച്ചു. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തുടർച്ചയായ രണ്ടാം ദിനവും മൂന്ന് പ്രതികളെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന പ്രതികളുടെ മൊഴിയിൽ ചുരുളഴിക്കാനായിട്ടില്ല. പ്രതികളുടെ ആസ്തി, ബാധ്യത എന്നിവ വിശദമായി പരിശോധിക്കുകയാണ്.മറ്റാരുടേയെങ്കിലും സഹായമോ പ്രേരണയോ സംഘത്തിന് കിട്ടിയിട്ടുണ്ടോയെന്നതിലും വ്യക്തത വരുത്തും. നാളെ വിവിധ സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം വീണ്ടും ചോദ്യം ചെയ്യും. ഏഴ് ദിവസത്തേക്കാണ് കൊട്ടാരക്കര കോടതി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്‍റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!