കോഴിക്കോട്: ഓർക്കാട്ടേരിയില്‍ ഗാർഹിക പീഡനത്തിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ അമ്മാവൻ ഹനീഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മരിച്ച ഷബ്നയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹനീഫയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിയായ ശബ്‌ന ഭർത്താവ് ഹബീബിന്‍റെ ഓർക്കാട്ടേരിയിലെ വീട്ടിൽ വച്ച് മരിക്കുന്നത്. ഷബ്ന മുറി അടച്ചിട്ടെന്ന് വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. വൈകീട്ട് വീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ അഴിച്ചെടുത്തു. പരിശോധിച്ചപ്പോൾ ഷബ്നയുടെ ഭർത്താവിന്‍റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്. ഷബ്ന മുറിയിൽ കയറി വാതിലടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ പൊലീസിന് മൊഴി നൽകി. മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണമെന്ന് പത്ത് വയസ്സുകാരി പറയുന്നു.