ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും വാഹനാപകടം. കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർഗിലിൽ നിന്ന് സോനാമാർഗിലേക്ക് പോകവെയായിരുന്നു അപകടം.കാർ മഞ്ഞിൽ തെന്നിമാറിയാണ് അപകടം. അപകട സ്ഥലത്ത് സൈന്യവും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചിരുന്നു.സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിലാണ് നാല് മലയാളികളും കാർ ഡ്രൈവറും മരിച്ചത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.