ശ്രീനഗർ: സോജില ചുരത്തിൽ നടന്ന അപകടത്തിൽ മരിച്ചത് പാലക്കാട് നിന്നുള്ള യുവാക്കളുടെ സംഘമാണ്. ചിറ്റൂരിൽ നിന്നുള്ള 13 പേരുടെ സംഘം കഴിഞ്ഞ 30നാണ് ട്രെയിനിൽ യാത്ര പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ട്.സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്കീയിങ് നടത്തി മടങ്ങുമ്പോൾ ചുരത്തിൽ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നുവെന്നു ഗന്ദേർബാൽ എസ്പി നിഖിൽ ബോർക്കർ പറഞ്ഞു. ഡ്രൈവർ വാഹനത്തിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. വാഹനം പൂർണമായി തകർന്ന നിലയിലായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീർ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. പരുക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗർ–ലേ ഹൈവേയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സുഹൃത്തുക്കളും അയൽക്കാരുമായ, ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.മനോജ് എം.മഹാദേവ് (25), അരുൺ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണൻ (30) എന്നിവർക്കാണു പരുക്ക്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടു പേരും സോനാമാർഗ് സർക്കാർ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരുക്കേറ്റ രാജേഷ്.നിർമാണത്തൊഴിലാളിയാണ് അനിൽ. ദൈവാനയാണ് അമ്മ. ഭാര്യ സൗമ്യ. സർവേ ജോലി ചെയ്യുന്നയാളാണു സുധീഷ്. പ്രേമയാണ് അമ്മ. ഭാര്യ മാലിനി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുൽ. ചന്ദ്രികയാണ് അമ്മ. ഭാര്യ നീതു. കടയിലെ ജീവനക്കാരനാണു വിഘ്നേഷ്. അമ്മ: പാർവതി. മൃതദേഹങ്ങൾ വൈകാതെ വിമാനമാർഗം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. തുടർനടപടികൾ ഏകോപിപ്പിക്കാൻ നോർക്ക ഓഫിസറും കേരള ഹൗസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശ്രീനഗറിലേക്ക് തിരിച്ചു.അതേസമയം പാലക്കാട് സ്വദേശികൾ വാഹനാപകടത്തിൽ മരിച്ച സോജില പാസ് രാജ്യത്തെ അപകടമേറിയ പാതകളിലൊന്നാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3528 മീറ്റർ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറിൽനിന്ന് 110 കിലോമീറ്റർ അകലെയാണ്. കശ്മീർ താഴ്‌വരയെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്.സാധാരണയായി ഡിസംബർമുതൽ ഏപ്രിൽവരെ സോജില പാസ് അടച്ചിടാറാണ് പതിവ്. ഇത്തവണ വരുംദിവസങ്ങളിൽ റോഡ് അടക്കും. കനത്ത മഞ്ഞുവീഴ്ച കാരണം ചുരത്തിലെ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. സെപ്റ്റംബർ ഒഴികെ മിക്ക മാസങ്ങളിലും ഇതുവഴിയുള്ള യാത്ര തികച്ചും ദുഷ്‍കരമാണ്.ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (ബി.ആർ.ഒ) ചുരത്തിലെ ചുമതലക്കാർ. കഴിഞ്ഞ മാസവും മഞ്ഞുകാരണം ഇടക്കിടെ ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിനോദസഞ്ചാരികൾക്ക് പുറമെ, ചരക്കുകളുമായി ട്രക്കുകളും നിരന്തരം ഇതുവഴി സഞ്ചരിക്കാറുണ്ട്. പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് മാത്രമേ ഈ വഴി വണ്ടി ഓടിക്കാനാകൂ.താഴ്വരയിലെ ടാക്സി ഡ്രൈവർമാരാണ് വിനോദ സഞ്ചാരികളെ ചുരത്തിലേക്ക് എത്തിക്കുന്നത്. മഞ്ഞുവീഴ്ച ആസ്വദിക്കാനാണ് സഞ്ചാരികൾ കൂടുതലുമെത്തുന്നത്. 2022 മേയ് 26ന് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് കശ്മീരികൾ ഇവിടെ മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാരായ സഹോദരിമാരും അപകടത്തിൽ മരിച്ചു. യാത്ര സുഗമമാക്കാനുള്ള സോജില തുരങ്കപദ്ധതിയുടെ നിർമാണം 2018 മുതൽ പുരോഗമിക്കുകയാണ്. 2025ൽ തുരങ്കനിർമാണം പൂർത്തിയാകുന്നതോടെ ഈ ചുരത്തിലെ യാത്ര സുഗമമാകും. തുരങ്കം വരുന്നതോടെ ലഡാക്കിലെത്താനുള്ള സമയം ഗണ്യമായി കുറയും.