കൊച്ചി: നവകേരള സദസ്സ് നടക്കുന്ന വേദികളുടെ അടുത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര നിർദേശത്തിൽ മാറ്റം വരുത്തി പോലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാർക്ക് പുതിയ നിർദേശം. നവ കേരള സദസ്സ് നടക്കുന്ന ദിവസം മുഴുവൻ ഗ്യാസ് ഉപയോഗിക്കരുതെന്നായിരുന്നു ആദ്യം കച്ചവടക്കാർക്ക് പൊലീസ് നിർദേശം നൽകിയിരുന്നത്. തീരുമാനം വിവാദമായതോടെയാണ് നിർദേശത്തിൽ മാറ്റം വരുത്തിയത്.എറണാകുളം ആലുവ ഈസ്റ്റ് പൊലീസാണ് ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് ആണ് വിചിത്ര നിർദേശം നൽകിയത്. ഇവിടെ വിളമ്പുന്ന ഭക്ഷണം മറ്റിടങ്ങളിൽ വച്ച് പാചകം ചെയ്ത ശേഷം കടയിൽ എത്തിച്ച് വിൽപ്പന നടത്തണമെന്നാണ് നിർദേശം. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഇത്തരത്തിലുള്ള നിർദേശങ്ങൾ നൽകിയിരിക്കുന്നതെന്ന് പോലീസ് നോട്ടീസിൽ പറഞ്ഞിരുന്നു.കടകളിലെ ജീവനക്കാർക്ക് പരിശോധനകൾ നടത്തിയ ശേഷം തിരിച്ചറിയൽ കാർഡുകൾ പൊലീസ് സ്റ്റേഷനിൽ നിന്നും നൽകും. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത ജീവനക്കാരെ കടകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. നവ കേരള സദസ്സിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഈ മാസം ഏഴിന് ആലുവയിൽ എത്തിച്ചേരാൻ ഇരിക്കെയാായിരുന്നു പൊലീസിന്‍റെ വിചിത്ര നിര്‍ദേശം.അതേസമയം നവ കേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു