കൊച്ചി: മയക്കുമരുന്നുമായി ട്രാൻസ്‍ജെൻഡറും സുഹൃത്തും പിടിയിൽ. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷന്‍ സ്വദേശി ഇസ്തിയാഖ് (26), ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി ട്രാന്‍സ്ജെന്‍ഡറായ അഹാന (ജമാല്‍ ഹംസ-26) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എറണാകുളത്ത് മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു.സുഹൃത്തുക്കളായ ഇവർ ഉല്ലാസയാത്രയെന്ന പേരിൽ ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ പോയി മയക്കുമരുന്ന് വാങ്ങി കൊച്ചിയിൽ എത്തിച്ചായിരുന്നു വിൽപ്പന. ‘പറവ’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ‘നിശാന്തതയുടെ കാവല്‍ക്കാര്‍’ എന്ന പ്രൈവറ്റ് ഗ്രൂപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 10 ലക്ഷത്തോളം രൂപ മതിപ്പു വില വരുന്ന 194 ഗ്രാം എംഡിഎംഎയാണ് അറസ്റ്റിലാകുന്ന സമയത്ത് ഇവരില്‍ നിന്നും കണ്ടെടുത്തത്. ചെറിയ അളവില്‍ മയക്കുമരുന്ന് തൂക്കുവാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍, 9000 രൂപ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്ന് എക്‌സൈസ് അറിയിച്ചു.ട്രാന്‍സ്ജെന്‍ഡഴ്സിന്റെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക ഷാഡോ സംഘം ഇവരുടെ ഇടയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ‘നിശാന്തതയുടെ കാവല്‍ക്കാര്‍ ‘ എന്ന ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഘത്തിലെ പ്രധാനികളായ രണ്ട് പേര്‍ കാക്കനാട് പടമുകളില്‍ സാറ്റ്‌ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇവരുടെ മുറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അക്രമാസക്തരായ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയതെന്നും എക്‌സൈസ് അറിയിച്ചു.എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എന്നിവരാണ് റെയിഡിന് നേതൃത്വം നല്‍കിയത്. അങ്കമാലി ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, ജിനീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എന്‍.ഡി.ടോമി, സരിതാ റാണി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഇ.ഒമാരായ സി.കെ.വിമല്‍ കുമാര്‍, കെ.എ. മനോജ്, മേഘ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.