കോഴിക്കോട്: ജില്ലയിൽ വൻകിട സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു പിഴയീടാക്കി. മാലിന്യ നിർമാർജ്ജന പ്രവർത്തനം ശക്തമാക്കുന്നതിനായി വലിയ രീതിയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗങ്ങൾ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. കോഴിക്കോട് കോർപ്പറേഷൻ, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും വാണിമേൽ, അഴിയൂർ, തിക്കോടി, ചെങ്ങോട്ടുകാവ്, കുരുവട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ രണ്ട് ടീമായി തിരിഞ്ഞ് പ്രതിദിനം 100 കിലോ മാലിന്യം ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി.നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ ഉപയോഗം, മലിനജല സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണം, പൊതുശുചിത്വം, ജൈവ മാലിന്യ സംസ്കരണം എന്നീ ഘടകങ്ങളാണ് പരിശോധിച്ചത്. ദിവസേന നൂറിലധികം ആളുകൾ വന്നുപോകുന്ന സ്ഥലങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന പരിശോധനയും നടത്തി. നിയമപ്രകാരം പാലിക്കേണ്ട ശുചിത്വ പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നായി 1,25,000 രൂപ പിഴ ഈടാക്കി. 44 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ വിവിധ സ്ഥാപനങ്ങളിൽ നിന്നായി പിടിച്ചെടുക്കുകയും ചെയ്തു.ഉറവിട മാലിന്യസംസ്കരണം കൃത്യമായി പാലിക്കാൻ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജില്ലാ ഓഫീസ് സൂപ്രണ്ടുമാരായ എ അനിൽകുമാർ, പി സി മുജീബ്, ഹെഡ് ക്ലാർക്ക് ഷനിൽകുമാർ, ശുചിത്വ മിഷൻ റിസോർഴ്‌സ് പേഴ്‌സണൽ പ്രനിത, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്റ്റിഫൻ, ആശതോമസ്, സനൽകുമാർ, വിജിന, പ്രജിഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പിഴ സമയബന്ധിതമായി അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടിയിലൂടെ തുക ഈടാക്കുമെന്നും തുടർദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി. എസ് ഷിനോ അറിയിച്ചു