പാലക്കാട്: മോഷണകേസ് പ്രതി കസ്റ്റഡിയിലിരിക്കെ മുറിവിലൂടെ വായു നിറഞ്ഞ് ശരീരം വീർത്ത് മരിച്ച സംഭവം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്. കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. തഞ്ചാവൂര്‍ കുംഭകോണം സ്വദേശിയായ പ്രഭാകർ(35) ആണ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. 2021 ഡിസംബര്‍ 26-ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ട്രെയിനില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. 28-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.ആലത്തൂര്‍ ജയിലിലേക്ക് അയയ്ക്കാന്‍ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ പ്രതി പോലീസ് ജീപ്പില്‍വെച്ച് പേനയുപയോഗിച്ചു കഴുത്തില്‍ കുത്തി മുറിവുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ദേവദാസിന്റെ റിപ്പോര്‍ട്ട്. മുറിവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചൊറിഞ്ഞുപൊട്ടിയതാണെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആലത്തൂര്‍ ജയിലിലെത്തിച്ച പ്രതിയുടെ ശരീരം പിന്നീട് വീര്‍ത്തുവന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പേനകൊണ്ടുള്ള കുത്തില്‍ കഴുത്തില്‍ ശ്വാസകോശത്തിലേക്കുള്ള കുഴല്‍ മുറിഞ്ഞ് വായു കയറിയാണ് ശരീരം വീര്‍ത്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.ജയിലില്‍ പ്രവേശിപ്പിക്കാതെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി സ്വയം കുത്തി മുറിവേല്‍പ്പിച്ചതായി പ്രതി ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതശരീരം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നു ബന്ധുക്കള്‍ അറിയിച്ചതോടെ ആലത്തൂര്‍ സബ്ജയില്‍ അധികൃതര്‍ മൃതദേഹം സംസ്‌കരിച്ചു. കുംഭകോണത്തെത്തി മരിച്ചയാളുടെ കുടുംബാംഗങ്ങളില്‍നിന്നും ക്രൈംബ്രാഞ്ച് അധികൃതര്‍ വിവരം ശേഖരിച്ചിരുന്നു.