കൊച്ചി: കൊച്ചി വിട്ട് പോയിട്ടില്ലാത്ത ഓട്ടോയ്ക്ക് ഫൈനടിച്ചുള്ള സന്ദേശമെത്തിയത് മലപ്പുറം പോലീസിൽ നിന്ന്. ഇന്നലെയാണ് മട്ടാഞ്ചേരിയിലെ വർക്ക് ഷോപ്പിൽ കിടന്ന ഓട്ടോയ്ക്ക് പിഴ ഈടാക്കിയുള്ള സന്ദേശം ഓട്ടോ തൊഴിലാളിയായ നൗഷാദിന് ലഭിച്ചത്. പിഴയുടെ വിവരം തിരക്കി മലപ്പുറം പെരുമ്പടപ്പ് പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, പരിശോധിക്കട്ടെ എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് നൗഷാദ് പറയുന്നു.മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ സ്റ്റാന്‍റിലെ ഓട്ടോ തൊഴിലാളിയാണ് കെ എം നൗഷാദ്. അല്ലറ ചില്ലറ ജോലികൾക്കായി കഴിഞ്ഞ നാല് ദിവസമായി വണ്ടി മരക്കടവിലെ വർക്ക് ഷോപ്പിലാണ്. പണിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് നൗഷാദിന് പൊലീസിന്‍റെ വക പണിവന്നത്. മലപ്പുറം പെരുമ്പടപ്പിൽ വെച്ച് ലൈസൻസില്ലാതെ ഓട്ടോ ഓടിച്ചതിന് 250 രൂപ പിഴ!കൊച്ചി വിട്ട് ഓട്ടോയുമായി ഇതുവരെ പോകാത്ത നൗഷാദ് ഉടൻ വിവരം തിരക്കി മലപ്പുറം പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. ഒടുവിൽ ചെലാൻ അയച്ചത് പെരുമ്പടപ്പ് സ്റ്റേഷനിൽ നിന്നാണെന്നും പിഴ ഈടാക്കിയത് എസ്ഐ പ്രമോദ് കുമാറാണെന്നും മനസ്സിലാക്കി. സ്റ്റേഷൻ എസ് എച്ച് ഒയെ വിളിച്ചെങ്കിലും അന്വേഷിക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. ഓട്ടോറിക്ഷ നാല് ദിവസമായി തന്‍റെ വർക്ക് ഷോപ്പിലുണ്ടെന്ന് ഉടമയും പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ കൊണ്ടുവന്നിട്ട വണ്ടിയാണെന്ന് വര്‍ക്ക് ഷോപ്പ് ഉടമയായ ഗോപാല്‍ പറഞ്ഞു. അതിനുശേഷം വണ്ടി ഇവിടെ നിന്ന് ഇറങ്ങിയിട്ടില്ല. പണി കുറച്ച് കൂടി ബാക്കിയുണ്ടെന്നും ഗോപാല്‍ പറഞ്ഞു.തന്‍റെ ഓട്ടോയുടെ നമ്പർ ഉപയോഗിച്ച് വ്യാജ ഓട്ടോറിക്ഷ മലപ്പുറത്ത് സർവ്വീസ് നടത്തുന്നുണ്ടാകാം എന്നാണ് നൗഷാദ് കരുതുന്നത്. ഇപ്പോൾ വന്നത് ചെറിയ തുകയുടെ നിയമ ലംഘനമാണെങ്കിലും വലിയ നിയമലംഘനം നടത്തുംമുൻപ് കള്ളവണ്ടി ആരുടേതെന്ന് കണ്ടെത്തണമെന്നാണ് നൗഷാദിന്‍റെ ആവശ്യം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!