തിരുവനന്തപുരം: കൊലക്കേസ് പ്രതി വിധി പറയുന്ന ദിവസം മദ്യപിക്കാനായി മുങ്ങിയ ആളെ വീട്ടിൽ നിന്നും പിടികൂടി. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് കോടതിയില്‍ നിന്നും മുങ്ങിയത്. ഇയാളെ തിരക്കി പോലിസെ൪ വീട്ടിലെത്തിയപ്പോൾ മദ്യപിച്ച നിലയിൽ ആയിരുന്നു ഇദ്ദേഹം. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം. കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി പറയാനിരിക്കെയാണ് പ്രതി മുങ്ങിയത്. കുറ്റക്കാരനാണോ അല്ലയോ എന്നതില്‍ വിധി പറയാന്‍ കോടതി ആദ്യം വിളിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങ ഉടക്കാന്‍ പോയതാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. രണ്ടാമത് പരിഗണിച്ചപ്പോഴും പ്രതി ഇല്ല. മൂന്നാം തവണയും കേസ് വിളിച്ചപ്പോള്‍ എത്താതിരുന്നപ്പോഴാണ് മുങ്ങിയതാണെന്ന് മനസിലായത്.കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിം(64)നെ പൊമ്മു എന്ന ബൈജു കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ജൂണ്‍ 17-നാണ് പ്രതി ഇബ്രാഹിമിനെ പ്രതി വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍ കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കത്തിലായി. ആ സമയത്ത് കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു ഇബ്രാഹിം. വിഷയത്തില്‍ ഇടപെടല്‍ നടത്തിയ ഇബ്രാഹിമിന്റെ സമീപനം ബൈജുവിനെ പ്രകോപിതനാക്കുകയാരുന്നു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി. ചികിത്സയിലിരിക്കെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇബ്രാഹിമിന്റെ മരണം സംഭവിക്കുന്നത്.