ഓയൂര്‍ (കൊല്ലം): ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കാമെന്ന വിവരമാണ് പോലീസിൽ നിന്ന് ലഭിച്ചതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.‘ശുഭകരമായ വാർത്ത പ്രതീക്ഷിക്കാം എന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിവരം. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷണം നടത്തുന്നുണ്ട്. ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നു. സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി കുട്ടിയെ കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണം. പോലീസുമായി ചർച്ച നടത്തുന്നുണ്ട്’- ബാലാവകാശ കമ്മിഷൻ ചെയർമാൻ പറഞ്ഞു.കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. കാണാതായിട്ട് 16 മണിക്കൂർ പിന്നിടുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്നും സംശയാസ്പദമായി മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും ഇവർക്ക് കേസുമായി ബന്ധമില്ല എന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ വിട്ടയച്ചേക്കുമെന്നാണ് വിവരം.ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റി. രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളി വന്നു. തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!