ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം. ജൂനിയർ അസോസിയേറ്റ് അഥവാ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ ഏഴാണ്. 17,900 മുതൽ 47,920 രൂപവരെയാണ് ശമ്പളം. എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോ​ഗ്യത.ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) 8000 ത്തിൽ ഏറെ ഒഴിവുകൾ നികത്തുന്നതിനാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഉദ്യോഗാർഥികൾ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐ ഡി ഡി) സർട്ടിഫിക്കറ്റുകളുള്ള ഉദ്യോഗാർത്ഥികൾ ഐ ഡി ഡി പാസാകുന്ന തീയതി ഡിസംബർ 31, 2023-നോ അതിനുമുമ്പോ ആണെന്ന് ഉറപ്പാക്കണം. പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണമെന്നും മാനദണ്ഡമുണ്ട്.ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ 100 ​​മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷകൾ ഓൺലൈനായി നടത്തും. ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ അടങ്ങുന്ന ഈ പരീക്ഷ ഒരു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷ എഴുതാനാകും. പ്രിലിമിനറി പരീക്ഷ ജനുവരിയിൽ നടത്താനാണ് തീരുമാനം. വിജയിക്കുന്നവർക്ക് 2024 ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷ എഴുതാനാകും.ജനറൽ / ഒ ബി സി അടക്കമുള്ള വിഭാഗത്തിലുളളവർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടിക വിഭാഗം എന്നിവർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷ ഫീസുണ്ടായിരിക്കില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!