കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കളെ പാർട്ടികളിൽ നിന്നും സസ്പെൻഡ് ചെയ്തു. കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ.അബൂബക്കർ, മുസ്ലീം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.എൻ. അബൂബക്കറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്ന് ഡി.സി.സി അധ്യക്ഷനും, മുസ്ലീം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തെന്ന് ലീഗ് സംസ്ഥാന സമിതിയുമാണ് വ്യക്തമാക്കിയത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.നവകേരളാ സദസ് ബഹിഷ്‌കരിക്കണമെന്നും നേതാക്കളാരും പങ്കെടുക്കരുതെന്നും നേരത്തെ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇവർ മൂന്നു പേരും പങ്കെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.