കൊച്ചി: എൻടിസി യോ​ഗ്യതയില്ലാത്ത കെ.എസ്.ഇ.ബിയിലെ മീറ്റർ റിഡർമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത. ഹൈക്കോടതി വിധിയാണ് എൻ.ടി.സി. സർട്ടിഫിക്കറ്റില്ലാത്ത ഡിഗ്രി/ഡിപ്ലോമക്കാർക്ക് ജോലി നഷ്ടമാകുന്നതിന് വഴിയൊരുക്കുന്നത്. ഇലക്ട്രീഷ്യൻ/വയർമെൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ളവരെയാകണം കെ എസ് ഇ ബിയുടെ മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ തസ്തികയിലേക്കുള്ള റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് എന്നാണ് ഹൈക്കോടതിയുടെ വിധി. നിലവിലെ റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നും കോടതി ഉത്തരവിട്ടതോടെയാണ് നിലവിലെ റാങ്ക് പട്ടികയിൽ നിന്നും നിയമനം ലഭിച്ച പലരുടെയും ഭാവി തുലാസിലായിരിക്കുന്നത്.2015 ജനുവരി 28-ന് പി.എസ്.സി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും ജോലി ലഭിച്ചവർക്കാണ് ഇപ്പോൾ പ്രതിസന്ധി. വിജ്ഞാപനത്തിൽ യോഗ്യതയായി നിശ്ചയിച്ചത് എട്ടാം ക്ലാസും ഐ.ടി.ഐ. നടത്തുന്ന എൻ.ടി.സി.സർട്ടിഫിക്കറ്റ് യോഗ്യതയുമായിരുന്നു. പിന്നീട് ഡി​ഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും ഇതേ തസ്തികയിലേക്ക് അപേക്ഷിക്കാം എന്ന് പി എസ് സി ഉത്തരവിറക്കി. ഇതനുസരിച്ച് 2021 മാർച്ച് 19-ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ബിരുദധാരികളും ഡിപ്ലോമക്കാരും ഉണ്ടായിരുന്നു. 2022 ജനുവരി 21-ന് ഇലക്ട്രിക്കൽ ഡിപ്ലോമ കോഴ്സ് ഉയർന്ന യോഗ്യതയായി കാട്ടി സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.ഇതിനെ ചോദ്യം ചെയ്താണ് പട്ടികയിൽ ഉൾപ്പെടാതിരുന്ന തൃശ്ശൂർ സ്വദേശി മുഹമ്മദ് നയിം, കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവർ കോടതിയെ സമീപിച്ചത്. ഇവർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്. കെ.എസ്.ഇ.ബി.യുടെ മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയിൽ ഇലക്ട്രീഷ്യൻ/വയർമെൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ളവരെയേ (എൻ.ടി.സി.) ഉൾപ്പെടുത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ബെഞ്ച് നിർദേശിക്കുകയായിരുന്നു.പട്ടികയിൽനിന്ന് 200 ഓളം പേർക്കാണ് ഇതുവരെ നിയമനം ലഭിച്ചിരിക്കുന്നത്. ഇതിൽ എൻ.ടി.സി. സർട്ടിഫിക്കറ്റില്ലാത്ത ഡിഗ്രി/ഡിപ്ലോമക്കാർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമാണ് കോടതി ഉത്തരവോടെ സംജാതമായിരിക്കുന്നത്.വിജ്ഞാപനം പുറപ്പെടുവിച്ച് ഏറെ വർഷത്തിനുശേഷമാണ് ഡിഗ്രി/ ഡിപ്ലോമക്കാരെയും പരിഗണിക്കാം എന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരെ മാത്രമല്ല ഈ തസ്തികയിലേക്ക് അപേക്ഷ അയക്കാത്ത ഡിഗ്രി/ഡിപ്ലോമക്കാരെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു തീരുമാനം. എൻ.ടി.സി.യോഗ്യതയുള്ളവരുടെ തൊഴിലവസരവും ഇതിലൂടെ നഷ്ടമാകുന്നുവെന്നും കോടതി വ്യക്തമാക്കി.എൻ.ടി.സി.യെക്കാൾ ഉയർന്ന യോഗ്യതയാണ് ഡിഗ്രി/ഡിപ്ലോമ യോഗ്യതകൾ എന്ന് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവും നിലവിലില്ല. എൻ.ടി.സി. സർട്ടിഫിക്കറ്റ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുടെ കുറഞ്ഞ യോഗ്യതയല്ല. അതിനാൽ തന്നെ ഡിഗ്രിയും ഡിപ്ലോമയും ഉള്ളവർക്ക് എൻ.ടി.സി. യോഗ്യതയും ഉണ്ടെന്ന് കണക്കാക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഹർജിക്കാർക്കായി അഡ്വ. കെ. മോഹനകണ്ണനാണ് ഹാജരായത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!