ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കവെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് കലാശപ്പോര്. 2003 ലോകകപ്പിൽ ഓസ്ട്രേലിയയോട് ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന് പകരം വീട്ടാനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം, 2003 ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ.2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 125 റൺസിന്റെ തോൽവിയാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. അന്ന് കിരീടം കൈവിട്ട ഇന്ത്യക്ക് ഇത് പകരം വീട്ടലിനുള്ള അവസരമാണ്. 1983ലും 2011ലും കിരീടങ്ങൾ നേടിയ ഇന്ത്യയുടെ നാലാമത്തെ ലോകകപ്പ് ഫൈനലാണിത്. എട്ടാം തവണയാണ് ഓസ്‌ട്രേലിയ ഫൈനൽ കളിക്കുന്നത്.കലാശപ്പോരിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. മത്സരത്തിന് മുമ്പ് എയർഫോഴ്സിലെ സൂര്യ കിരൺ എയ്റോബാറ്റിക് ടീമിന്റെ എയർ ഷോ നടക്കും. സംഗീതസംവിധായകൻ പ്രീതത്തിന്റെ പ്രകടനം ഉൾപ്പെടെ മത്സരത്തിനിടെ നടക്കും. ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും പങ്കെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് അറിയിച്ചു. ടോസിന് ശേഷം വ്യോമസേനയുടെ ഒമ്പത് വിമാനങ്ങൾ എയർഷോ നടത്തും. ദേശീയ ഗാനം ആലപിക്കുമ്പോൾ ഒരു ഫ്‌ലൈ പാസ്റ്റ് നടക്കും.എന്നാൽ ത്രിവർണ്ണ പതാകയുമായി വിമാനം പറത്താനുള്ള അഭ്യർത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചു. ഐഎഎഫിന്റെ സൂര്യ കിരൺ എയറോബാറ്റിക് ടീം രാജ്യത്തുടനീളം നിരവധി എയർ ഷോകൾ നടത്തിയിട്ടുണ്ട്. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം ചേർന്ന് സുരക്ഷ, ശുചിത്വം, ട്രാഫിക് മാനേജ്‌മെന്റ് ക്രമീകരണങ്ങളുടെ സമഗ്രമായ അവലോകനം നടത്തിയിരുന്നു.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ ന്യൂസിലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. അതിന് മുമ്പ് ഒമ്പത് മത്സരങ്ങളിലും വിജയിച്ച് ലീഗ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. അതേസമയം, ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ ഏഴെണ്ണത്തിൽ ജയിക്കുകയും രണ്ട് മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!