നാഗർകോവിൽ: മദ്യം നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്റെ ഭാര്യ പ്രബിഷ(27), ഇവരുടെ കാമുകൻ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈൻ (32) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും ചേർന്ന് യുവതിയുടെ ഒരു വയസുള്ള മകനെ മദ്യം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അരിസ്റ്റോ ബ്യൂലൻ എന്ന ഒരു വയസുകാരനാണ് പെറ്റമ്മയുടെ കൈകൊണ്ട് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. പ്രബിഷ കാമുകനുമൊത്തിരുന്ന് മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായത്. മദ്യപിക്കുന്നതിനിടെ അരിസ്റ്റോ ബ്യൂലൻ കരഞ്ഞതോടെ യുവാവ് കുഞ്ഞിന്റെ വായിൽ മദ്യമൊഴിച്ച് കൊടുക്കുകയായിരുന്നു. കുഞ്ഞ് കരച്ചിൽ നിർത്താതായതോടെ തലയിൽ മർദ്ദിക്കുകയും തുടർന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു. മദ്യം നൽകിയ ശേഷം കുട്ടിയെ ഒരു മണിക്കൂർ ക്രൂരമായി മർദ്ദിച്ചെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. നട്സൺ റോയി (മൂന്ന്) അരിസ്റ്റോ ബ്യൂലനയുടെ സഹോദരനാണ്.ചീനുവിനും പ്രബിഷയും നാല് വർഷം മുമ്പാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് മൂന്ന് തവണ വിവാഹിതനായ സദാം ഹുസൈനുമായി പ്രബിഷ അടുപ്പത്തിലായത്. ഇതേത്തുടർന്ന് ചീനുവും പ്രബിഷയും തമ്മിൽ നിരന്തരം വഴക്കുണ്ടായി. അതിനിടെ പ്രബിഷ ഇളയ മകൻ അരിസ്റ്റോ ബ്യൂലനെയുമായി സദാം ഹുസൈനൊപ്പം നാടുവിട്ടു. തൂത്തുക്കുടിയിലായിരുന്ന ഇവർ കഴിഞ്ഞ 14നാണ് അഞ്ചുഗ്രാമത്തിലുള്ള കോഴി പണയിലെത്തിയത്.സദാം ഹുസൈനും പ്രബിഷയ്‌ക്കും രാത്രിയിൽ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ വിശപ്പുകാരണം അരിസ്റ്റോ ബ്യൂലൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കരഞ്ഞു. തുടർന്ന് മദ്യലഹരിയിലിരുന്ന സദാം ഹുസൈൻ കുട്ടിയുടെ വായിൽ മദ്യം ഒഴിച്ചു. കരച്ചിൽ നിറുത്താത്തതിനെ തുടർന്ന് തലയിൽ മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.ബോധം നഷ്ടമായ കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മുക്കിപ്പിടിച്ചു. ബോധം വരാത്തതിനെ തുടർന്ന് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്