തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കമ്പനികാര്യ രജിസ്ട്രാറുടെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ വിവരങ്ങളും കേരള പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യർത്ഥിച്ചു.അനന്തപത്മനാഭ നിധി ലിമിറ്റഡ്, അമല പോപ്പുലർ നിധി ലിമിറ്റഡ്, അഡോഡിൽ നിധി ലിമിറ്റഡ്, അമൃത ശ്രീ നിധി ലിമിറ്റഡ്. ഡിആർകെ നിധി ലിമിറ്റഡ്, ജിഎൻഎൽ നിധി ലിമിറ്റഡ്, കൈപ്പള്ളി അപ്സര നിധി ലിമിറ്റഡ്, മേരി മാതാ പോപ്പുലർ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, എൻഎസ്എം മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, റനെനെറ്റ് ആൻഡ് ടൈഷേ നിധി ലിമിറ്റഡ്, റിവോ അർബൻ നിധി ലിമിറ്റഡ്, വിവിസി മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, സഹസ്രധന സുരക്ഷാ നിധി ലിമിറ്റഡ് തുടങ്ങി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, മലപ്പുറം, പാലക്കാട്,വയനാട്, പത്തനതിട്ട തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.കമ്പനികാര്യ രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചാലേ നിധി കമ്പനികൾക്ക് പ്രവർത്തിക്കാനാവൂ. രാജ്യത്തെ പതിനായിരത്തിലേറെ കമ്പനികളിൽ 2000ഓളം മാത്രമേ കൃത്യമായ രേഖകൾ നൽകിയിട്ടുള്ളൂ. നിധി കമ്പനികൾക്ക് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) നടത്തുന്നതുപോലെ ചിട്ടി, ഹയർപർച്ചേസ്, ലീസിംഗ് ഫിനാൻസ് എന്നിവ നടത്താനാവില്ല. മറ്റ് കമ്പനികളിൽ ഓഹരിനിക്ഷേപം പാടില്ല. എന്നാൽ, കേരളത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ലൈസൻസ് എടുക്കുകയോ ലൈസൻസ് പുതുക്കുകയോ ചെയ്യുന്നില്ല.പൊലീസ് രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലാണ്. 72 സ്ഥാപനങ്ങളാണ് ഇവിടെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. വയനാടാണ് പിന്നിൽ. മൂന്നെണ്ണം,​ അതേസമയം, തിരുവനന്തപുരത്ത് 14 സ്ഥാപനങ്ങളും പട്ടികയിലുണ്ട്. എറണാകുളത്ത് 18, കോഴിക്കോട് 11, ആലപ്പുഴ ഏഴ്, കൊല്ലത്ത് എട്ട് എന്നിങ്ങനെയും സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായും പൊലീസ് പ്രസിദ്ധീകരിച്ച കണക്കിൽ പറയുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!