പത്തനംതിട്ട: സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെ വിടാതെ പിന്തുടർന്ന് മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച ബസ് ഉദ്യോഗസ്ഥർ തടഞ്ഞ് പിഴ ചുമത്തി. ശനിയഴ്ച പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച യാത്രയാണ് എം.വി.ഡി. ഉദ്യോഗസ്ഥരെത്തി തടഞ്ഞത്.സർവീസ് ആരംഭിച്ച് 250 മീറ്റർ പിന്നിട്ടതോടെ പോലീസിനോടൊപ്പമെത്തി എം.വി.ഡി. ഉദ്യോഗസ്ഥർ ബസ് തടഞ്ഞു. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയാണ് പിഴയിട്ടത്. അതേസമയം, പിഴയടച്ചതിന് ശേഷം വാഹനത്തിന് യാത്ര തുടരാൻ മോട്ടോർ വാഹന വകുപ്പ് അനുമതി നൽകി.വാഹനത്തിനെതിരെ നേരത്തെ രണ്ട് കേസുകളുണ്ടെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു. കോടതി വിധി പ്രകാരം പ്രീ ബുക്കിങ് നടത്തിയ യാത്രക്കാരെ മാത്രം അനുവദിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയതാണ്. എന്നാൽ, വാഹനത്തിൽ ഇന്ന് കയറിയ യാത്രക്കാരുണ്ട്. പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിട്ടതിന് ശേഷമാണ് വാഹനം വിട്ട് നൽകിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.‘എന്നാൽ, കോടതിയോടുള്ള വെല്ലുവിളിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് ബസ് ഉടമ ബേബി ഗിരീഷ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിക്കുമെന്ന് ഇവർ വിചാരിച്ചിരുന്നില്ല. അതിന്റെ ഫ്രസ്‌ട്രേഷനാണ് ഇവർ തീർക്കുന്നത്. കെ.എസ്.ആർ.ടി.സി പരിശോധിക്കാനുള്ള ആർജവം ഇവർക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഒക്ടോബർ മാസം 16-ാം തിയതി രാവിലെ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയിൽ എടുത്ത് റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ദേശസാത്കൃത പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി സമർപ്പിച്ച പരാതിയിലായിരുന്നു നടപടി.ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് സംസ്ഥാനത്ത് നികുതി അടച്ചാൽ ഏതുപാതയിലൂടെ വേണമെങ്കിലും പെർമിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകൾ അവകാശപ്പെടുന്നത്. എന്നാൽ, കേന്ദ്ര വിജ്ഞാപനത്തിന്റെ മറവിൽ സംസ്ഥാനത്ത് ഓടുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നിലപാട്.കേന്ദ്ര നിയമപ്രകാരം നേടിയ പെർമിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ, ഇതേ പെർമിറ്റ് ആനുകൂല്യത്തിന്റെ ബലത്തിൽ 200 ബസുകൾ കേരളത്തിന്റെ നിരത്തിലിറങ്ങാൻ പോവുകയാണ്. അതിനെ എങ്ങനെ നിയമപ്രകാരം തടയാൻ സാധിക്കും? ബസുകൾക്ക് ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോർഡുകൾ വണ്ടിയിൽ വെക്കാം. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും ബേബി ഗിരീഷ് വാഹനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പ് അവകാശപ്പെട്ടിരുന്നു.