തെൽ അവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പാർട്ടിക്കുമെതിരെ കനത്ത ജനരോഷം. ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ പൗരന്മാരെ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജനരോഷം. ഇത് തെളിയിക്കുന്ന സർവേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.നിലവിൽ 32 സീറ്റുള്ള നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 17 സീറ്റിലേക്ക് കൂപ്പുകുത്തുമെന്നാണ് സർവേയിൽ പറയുന്നത്. അതേസമയം, ബെന്നി ഗാറ്റ്‌സിന്റെ നേതൃത്വത്തിലുള്ള നാഷണൽ യൂനിറ്റി നിലവിലുള്ള 12 സീറ്റിൽ നിന്ന് 36ലേക്ക് ഉയരുമെന്നും സർവേയിൽ പറഞ്ഞു.ഹമാസ് ആക്രമണം നേരിടുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നു കരുതുന്നവരാണ് ഇസ്രായേലികളിൽ ഭൂരിഭാഗവും. ചാനൽ 13 ടെലിവിഷൻ നേരത്തെ നടത്തിയ അഭിപ്രായ സർവേയിൽ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് 76 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തിന് ശേഷം വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 67 ശതമാനം പേരും നിലപാടെടുത്തു. ഹമാസിന്റെ ആക്രമണം നെതന്യാഹുവിന്റെ നേരിട്ടുള്ള പരാജയമാണെന്ന് 44 ശതമാനം ആളുകളും വിലയിരുത്തി.മാരിവ് പത്രത്തിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 66 ശതമാനം ഇസ്രായേൽ പൗരന്മാർ നെതന്യാഹുവിനെതിരെയാണ് സംസാരിച്ചിരുന്നത്. 21% പേർ നെതന്യാഹു യുദ്ധാനന്തരം പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ 13 ശതമാനം പേർ അഭിപ്രായമൊന്നും പറഞ്ഞില്ല. ഈ സമയത്ത്തെരഞ്ഞെടുപ്പ് നടന്നാൽ, നെതന്യാഹുവിൻറെ ലികുഡ് പാർട്ടിക്ക് അതിൻറെ മൂന്നിലൊന്ന് സീറ്റുകൾ നഷ്ടപ്പെടുമെന്നും പ്രധാന എതിരാളിയായ ബെന്നി ഗാൻറസിന്റെ സെൻട്രൽ നാഷണൽ യൂണിറ്റി പാർട്ടി മൂന്നിലൊന്ന് വളർച്ച നേടുമെന്നും സർവേയിൽ കണ്ടെത്തിയിരുന്നു.അതിനിടെ, പ്രതിപക്ഷ നേതാവ് യാഇയർ ലാപിഡും നെതന്യാഹുവിനെതിരെ നിലപാട് കടുപ്പിച്ചു. നെതന്യാഹുവിനെയും കടുത്ത പങ്കാളികളെയും ഒഴിവാക്കിയാൽ വലതുപക്ഷ ഇസ്രായേൽ ഭരണകൂത്തിൽ താൻ ചേരുമെന്ന് പാർലമെന്ററി പ്രതിപക്ഷ നേതാവ് യായർ ലാപിഡ് പറഞ്ഞു. പ്രധാനമന്ത്രിയിൽ ഇസ്രായേലിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും നെറ്റ്വർക്ക് ചാനൽ 12-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.‘പൊതുജനങ്ങൾക്ക് വിശ്വാസമില്ലാത്ത പ്രധാനമന്ത്രിയുമായി ഒരു നീണ്ട യുദ്ധം നടത്തുന്നത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല. നെതന്യാഹു ഇപ്പോൾ പോകണം’ ലാപിഡ് പറഞ്ഞു. എന്നാൽ ലാപിഡ് യുദ്ധക്കാലത്ത് രാഷ്ട്രീയം കളിക്കുകയാണെന്നും നെതന്യാഹുവിനെ മാറ്റി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ഭരണകൂടത്തെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ലിക്കുഡ് പാർട്ടി ആരോപിച്ചു.ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ പൗരന്മാർ കൊല്ലപ്പട്ടതിലും ജനരോഷം ഉയരുകയാണ്. ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് റാലി നടത്തിയിരുന്നു. 63 കിലോമീറ്റർ പിന്നിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ റാലിയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തിരുന്നത്. ഹമാസ് ബന്ധികളാക്കിയവരെ എത്രയും വേഗത്തിൽ മോചിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒക്ട്ബോർ ഏഴിന് അരങ്ങേറിയ ഹമാസ് ഓപ്പറേഷൻ തൂഫാനുൽ അഖ്സയിലൂടെ 240 ഓളം പേരാണ് ബന്ധികളാക്കപ്പെട്ടത്. അതിൽ ചിലരെ നേരത്തേ മോചിപ്പിച്ചിരുന്നുവെങ്കിലും ഇനിയും ഏറെ പേർ തടവിലാണ്. ഹമാസ് ആക്രമണത്തിൽ 1400ലേറെ ഇസ്രായേലികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുമ്പിലും കൂറ്റൻ പ്രതിഷേധ റാലി നടന്നിരുന്നു. ജറുസലേം അസ്സ സ്ട്രീറ്റിലെ വസതിക്കു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ജറൂസലേമിന് പുറമേ, തെൽ അവീവ്, ഹൈഫ, ബീർഷെബ, ഐലാത് എന്നീ നഗരങ്ങളിലും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാണ്. ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി വെടിനിർത്തൽ വേണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. ഹമാസ് ബന്ദികളാക്കിയ പൗരൻമാരെ മോചിപ്പിക്കാനാവാത്തത് ഇസ്രായേൽ സർക്കാറിന്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി തെൽഅവീവിലെ കബോത്സിൽ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.ഹമാസ് ആക്രമണത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ഇസ്രായേലി ക്യാബിനറ്റ് മന്ത്രിയെ ആശുപത്രി സന്ദർശകരുടെ പ്രവേശന കവാടത്തിൽ ആളുകൾ തടഞ്ഞു. മറ്റൊരു മന്ത്രിയുടെ അംഗരക്ഷകർക്കു നേരെ ഒരാൾ കാപ്പി ഒഴിക്കുകയും ചെയ്തു. ആശ്വസിപ്പിക്കാനെത്തിയ വേറൊരു മന്ത്രിയെ രാജ്യദ്രോഹി, വഞ്ചകൻ എന്നു വിളിച്ചാണ് ജനങ്ങൾ പരിഹസിച്ചത്. ‘ഒക്ടോബർ 2023 പരാജയം’ എന്ന തലക്കെട്ടോടെയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്ത് ഇറങ്ങിയത്. 1973 ഒക്ടോബറിൽ ഒരു ഇരട്ട ഈജിപ്ഷ്യൻ, സിറിയൻ ആക്രമണം മുൻകൂട്ടി കാണുന്നതിൽ ഇസ്രയേലിനു സംഭവിച്ച പരാജയം ഓർമിപ്പിക്കാനാണ് പത്രം ഈ തലക്കെട്ട് നൽകിയത്. ഈ പരാജയം ഒടുവിൽ അന്നത്തെ പ്രധാനമന്ത്രി ഗോൾഡ മെയർ രാജിവയ്ക്കുന്നതിനുവരെ കാരണമായിരുന്നു.ഉന്നത ഉദ്യോഗസ്ഥരുമായും വിദേശ പ്രതിനിധികളുമായുമുള്ള ചർച്ചകളുടെ തിരക്കിലായ നെതന്യാഹു പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച പരിമിതപ്പെടുത്തിയിരുന്നു. ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം ആളുകളുടെ ബന്ധുക്കളെ ക്യാമറകളുടെ അകമ്പടിയില്ലാതെ അദ്ദേഹം കാണുകയും ചെയ്തിരുന്നു. നെതന്യാഹുവിൻറെ ഭാര്യയും ഒരു കുടുംബത്തെ സന്ദർശിച്ചു. ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ പതിനൊന്നായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!