അമേരിക്കയിൽ മലയാളി നഴ്സിനെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിനുള്ളിൽ വെച്ചുണ്ടായ വാക്കുതർക്കം പറഞ്ഞു തീർക്കാനാണ് ഇരുവരും കാറിൽ പുറത്തേക്ക് പോയത്. വീട്ടിലെ മറ്റുള്ളവരുടെ മുന്നിൽവെച്ച് വാദപ്രതിവാദങ്ങൾ വേണ്ടെന്ന ധാരണയിലായിരുന്നു അത്. എന്നാൽ, കാറിൽ സഞ്ചരിക്കുന്നതിനിടയിലും ഇരുവരും വാ​ഗ്വാദത്തിൽ ഏർപ്പെടുകയും ക്ഷുഭിതനായ അമൽ റെജി ഭാര്യ മീരക്ക് നേരേ വെടിയുതിർക്കുകയുമായിരുന്നു.ഭാര്യക്ക് നേരേ വെടിയുതിർത്ത ശേഷം അമൽ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനും ഗർഭസ്ഥ ശിശുവിന്റെ മനഃപൂർവമുള്ള നരഹത്യയ്‌ക്കുമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ്, സംഭവത്തിന്റെ വിശദാംശങ്ങൾ ദെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്.അമലിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള പൊലീസ് റിപ്പോർട്ട്സെന്റ് സാഖറി ചർച്ച് പാർക്കിങ് ലോട്ടിൽനിന്നുള്ള അടിയന്തര സന്ദേശത്തെ തുടർന്ന് നവംബർ 13ന് വൈകിട്ട് 7.30ഓടെയാണ് ദെസ് പ്ലെയിൻസ് പൊലീസ് സ്ഥലത്തെത്തുന്നത്. അവിടെയെത്തുമ്പോൾ അമൽ റെജി എന്നയാളെ കണ്ടു. വീട്ടിൽവച്ച് താനും ഭാര്യയും തമ്മിൽ സാമ്പത്തിക വിഷയത്തിൽ തർക്കമുണ്ടായതായി അയാൾ പൊലീസിനെ അറിയിച്ചു. തർക്കത്തിനൊടുവിൽ താൻ ഭാര്യയെ വെടിവച്ചതായും തോക്ക് തന്റെ വാഹനത്തിലുണ്ടെന്നും അമൽ റെജി വെളിപ്പെടുത്തി. റിയർ വിൻഡോ തകർന്ന ഒരു സിൽവർ നിറമുള്ള ഹോണ്ട ഒഡീസി കാറാണ് അവിടെയുണ്ടായിരുന്നത്.വാഹനത്തിനു സമീപത്തേക്കു ചെന്നപ്പോൾ, വെടിയേറ്റ പരുക്കുകളുമായി 30 വയസ് പ്രായമുള്ള മീര ഏബ്രഹാം എന്ന യുവതി വാഹനത്തിന്റെ പിന്നിൽ കിടക്കുന്നതു കണ്ടു. ഉടൻതന്നെ പൊലീസ് ഓഫിസർമാർ യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് യുവതിയെ കൂടുതൽ ചികിത്സകൾക്കായി ആശുപത്രിയിലേക്കു മാറ്റി. വാഹനത്തിൽനിന്ന് തിര നിറച്ച ഗ്ലോക് 9എംഎം കൈത്തോക്കും കണ്ടെടുത്തു. അമൽ റെജിയെ കസ്റ്റഡിയിലെടുത്ത് ദെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്മെന്റിലേക്കു മാറ്റി.ലെ‌സ്‌ലി ലൈനിലെ വസതിയിൽ വച്ചാണ് അമൽ റെജിയും മീര ഏബ്രഹാമും തമ്മിലുള്ള വാക്പോര് ആരംഭിച്ചതെന്ന് തുടരന്വേഷണത്തിൽ വ്യക്തമായി. വീട്ടിലെ മറ്റു കുടുംബാംഗങ്ങൾക്കു മുന്നിൽവച്ച് വഴക്കു വേണ്ട എന്ന ധാരണയിലാണ് ഹോണ്ട ഒഡീസി കാറുമായി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അമൽ റെജിയാണ് കാർ ഓടിച്ചിരുന്നത്. മീര വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് ഇരുന്നത്. വാഹനത്തിൽ വച്ചും ഇരുവരും തമ്മിൽ വഴക്കു തുടർന്നു.ഇതിനിടെ കുപിതനായ അമൽ റെജി തോക്ക് പുറത്തെടുത്ത് മീരയ്ക്കു നേരെ പലതവണ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വാഹനമോടിച്ച് സെന്റ് സാഖറി ചർച്ചിന്റെ പാർക്കിങ് ലോട്ടിലെത്തിയശേഷം വാഹനം നിർത്തി 911 നമ്പറിലേക്കു വിളിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മീര ഏബ്രഹാം പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അവരുടെ 14 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന ഗർഭസ്ഥ ശിശു ഉദരത്തിൽവച്ചു തന്നെ കൊല്ലപ്പെട്ടു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!