പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുക. വൃശ്ചികം ഒന്നായ നാളെ മുതലാണ് ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നത്. മനസ്സും ശരീരവും ശുദ്ധമാക്കി സ്വാമിമാർ തത്വമസി പൊരുൾ തേടി ശരണംവിളികളോടെ മലകയറാൻ തുടങ്ങും.ഇന്ന് വൈകിട്ട് തന്നെ മാളികപ്പുറം നടയും തുറക്കും. മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി അവിടുത്തെ നടയും തുറന്നതിന് ശേഷം ശബരിമല മേൽശാന്തി, ശ്രീകോവിലിൽനിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും. നിയുക്ത ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി പി.ജി. മുരളി നമ്പൂതിരി എന്നിവരെ സന്നിധാനത്തേക്ക് ആനയിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. ദീപാരാധനയ്ക്കുശേഷം പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.വൃശ്ചികം ഒന്നായ നാളെ പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11-ന് അടയ്ക്കും.ശബരിമല വ്രതാനുഷ്ഠാനങ്ങൾ ഇങ്ങനെ..വൃശ്ചികം ഒന്നുമുതൽ ശബരിമല തീർഥാടനകാലം ആരംഭിക്കുകയാണ്. ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനം വൃതശുദ്ധിയുടെതാണ്. ആദ്യമായി മല കയറുന്ന കന്നി അയ്യപ്പന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദർശനം നടത്താൻ. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠയിൽ പ്രധാനം ബ്രഹ്മച്ചര്യമാണ്. മാലയിട്ടാൽ അത് ഊരുന്നതു വരെ ക്ഷൗരം പാടില്ല.ലഹരിവസ്തുക്കൾ ഉപയോഗിക്കരുത്. മത്സ്യവും മാംസവും ഭക്ഷിക്കാൻ പാടില്ല. പഴയ ഭക്ഷണം കഴിക്കാൻ പാടില്ല. ശവസംസ്‌കാര കർമ്മത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. പങ്കെടുത്താൽ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് ശബരി മലയ്ക്ക് പോകണം. പകലുറങ്ങരുത്.തുലാംമാസം തന്നെ വ്രതം അനുഷ്ഠിക്കുന്ന വരാണ് വൃശ്ചികം ആദ്യംതന്നെ മലയ്ക്ക് പോകുന്നത്. കറുപ്പ് നിലയോ വസ്ത്രം ധരിച്ച് മാലയിട്ടു നിത്യവും ക്ഷേത്ര ദർശനം നടത്തുകയും ശരണം വിളിക്കുകയും വേണം. വ്രതം തുടങ്ങുന്നത് മാലയിട്ടാണ് സാധാരണ പതിവ്. രുദ്രാക്ഷമാലയോ തുളസിമാലയോ സ്പടിക മാലയോ ഒക്കെ ധരിക്കാം.കെട്ടുനിറ ‘ അഥവാ ‘കെട്ടുമുറുക്ക് ‘ എന്ന ചടങ്ങോടെയാണ് കാനനവാസനെ ദർശിക്കാൻ പുറപ്പെടുക. വീട്ടിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ കെട്ടുമുറുക്ക് നടത്താം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ വേണം കെട്ടുനിറയ്ക്കൽ ചടങ്ങുകൾ നടത്താൻ. ഇരുമുടിക്കെട്ടു താങ്ങിയശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ചശേഷം വേണം യാത്ര തിരിക്കാൻ. കെട്ടുനിറക്ക് മുമ്പ് മാല ധരിച്ച് മലകയറുന്നവരും ഉണ്ട്. മാലയിട്ട് സ്ഥലത്ത് തന്നെ തിരിച്ചെത്തി വേണം അത് അഴിച്ചു മാറ്റാൻ. മലയിറങ്ങിയ ഉടനെ മാല അഴിക്കുന്നത് ശരിയല്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!