തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാൻ രാജ്ഭവൻ മാർച്ചുമായി എൽഡിഎഫ്. നാളെ നടക്കുന്ന സമരത്തിൽ ലക്ഷം പേരെ അണി നിരത്തുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.അതേസമയം ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധസമരത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ട് നിൽക്കും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ മാണി എം പി തുടങ്ങിയവർ നേതൃത്വം നൽകും.ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയതലത്തിലും പ്രതിഷേധം ചർച്ചയാക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാർച്ചിൽ പങ്കെടുപ്പിക്കും.രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് പ്രതിഷേധ സമരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!