കണ്ണൂർ: ഉറക്കംതൂങ്ങുന്ന ലോക്കോപൈലറ്റുമാരെ പിടിക്കാൻ റെയിൽവേ എ.ഐ. സംവിധാനം സ്ഥാപിച്ചുതുടങ്ങി. ട്രെയിനോടിക്കുമ്പോൾ കോട്ടുവായ ഇട്ടാലോ, ഉറക്കംതൂങ്ങി കണ്ണുകൾ അടഞ്ഞാലോ റെയിൽവേയുടെ നിർമിതബുദ്ധി ക്യാമറ അലാറംമുഴക്കും. ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനിൽ സ്ഥാപിക്കുന്നത്. ദക്ഷിണ-മധ്യ റെയിൽവേ വിജയവാഡ ഡിവിഷനിലെ വണ്ടികളിൽ ഇവ പ്രവർത്തിച്ചുതുടങ്ങി. എല്ലാ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും.രണ്ടുസെക്കൻഡിലധികം ഉറക്കലക്ഷണങ്ങൾ കാണിച്ചാൽ വീഡിയോയും ചിത്രങ്ങളും റെക്കോഡ് ചെയ്യും. ഉറക്കത്തിന്റെ അസ്വസ്ഥത ശരീരലക്ഷണങ്ങളിൽ കണ്ടാലും പിടിക്കും. മൊബൈൽ ഫോൺ ഉപയോഗിച്ചാലും ക്യാമറാപരിധിയിൽനിന്ന് മാറിയാലും അലാറം മുഴങ്ങും. കാരണം കാണിക്കലും പിരിച്ചുവിടലും ഉൾപ്പെടെയാണ് തുടർനടപടി.ജൂൺ 25-ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ വെസ്റ്റ് ബംഗാളിലെ ഒണ്ടഗ്രാം സ്റ്റേഷനിൽ സിഗ്നൽ കാണാതെ ചരക്കുവണ്ടി മറ്റൊരു വണ്ടിയിൽ ഇടിച്ചിരുന്നു. ചരക്കുവണ്ടി ഓടിക്കുന്നതിനിടെ ലോക്കോപൈലറ്റ് മയങ്ങിപ്പോയതായിരുന്നു കാരണം. സംഭവത്തിൽ രണ്ടു ലോക്കോപൈലറ്റുമാരെ പിരിച്ചുവിട്ടിരുന്നു.പുതിയ സംവിധാനത്തിനെതിരേ ലോക്കോപൈലറ്റുമാർ പ്രതിഷേധം ഉയർത്തുന്നുണ്ട്. ലോക്കോ പൈലറ്റുമാർ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണെന്ന് ജോലിഭാരത്തിന്റെ കണക്കുസഹിതം ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ വിശദീകരിക്കുന്നു.ഡീസൽ എൻജിൻ മാറി ത്രീ ഫെയ്സ് വൈദ്യുതി ലോക്കോ വന്നിട്ടും ലോക്കോ പൈലറ്റുമാരുടെ കാബിനിൽ ശൗചാലയമില്ല. സ്റ്റേഷനുകളിലോ എൻജിനുപിന്നിലെ ബ്രേക്ക് വാനിലോ ആണ് വനിതകൾ ഉൾപ്പെടെ പോകേണ്ടത്.