കുട്ടികൾ ഇഷ്ടപ്പെടുന്ന, കുട്ടികളെ അതിലേറെ ഇഷ്ടപ്പെടുന്ന അവരുടെ പ്രിയപ്പെട്ട ചാച്ചാജി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുകയാണ്​ ശിശുദിനാഘോഷങ്ങളുടെ ലക്ഷ്യം.നെഹ്‌റുവിന് മുമ്പും ശിശുദിനം ആഘോഷിച്ചിരുന്നു. 1857ല്‍ റോസ്‌ ഡേ എന്ന പേരില്‍ ജൂണ്‍ രണ്ടാം ഞായറാഴ്ച കുട്ടികള്‍ക്കായുള്ള ദിനം ആചരിച്ചു തുടങ്ങി. നാളുകള്‍ കഴിയവേ പല രാജ്യങ്ങളിലും (1950 മുതല്‍) കുട്ടികളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്‌ട്ര ദിനം ജൂണ്‍ ഒന്ന് ശിശുദിനമായി ആഘോഷിച്ചുതുടങ്ങി. 1954 മുതല്‍ സാര്‍വദേശീയ ശിശുദിനമായി നവംബര്‍ 20 ആഘോഷിച്ചു വന്നു. ഇന്ത്യയും 1956 മുതല്‍ അതിന്‍റെ ഭാഗമായിരുന്നു. നെഹ്‌റുവിന്‍റെ വേര്‍പാടിനു ശേഷം 1965 നവംബര്‍ 14 മുതല്‍ ദേശീയ ശിശുദിനമായി അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിച്ചു വരുന്നു.കുട്ടികളെ ഒരു പൂന്തോട്ടത്തിലെ മൊട്ടുകളായി കണക്കാക്കിയിരുന്ന, സാമൂഹിക അടിത്തറയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന, രാജ്യത്തിന്‍റെ ഭാവിയാണെന്ന് ഉറക്കെപ്പറഞ്ഞിരുന്ന, കുട്ടികള്‍ക്കിടയില്‍ ഒരിക്കലും പക്ഷഭേദം അവര്‍ തന്നെ കണ്ടുപിടിക്കില്ല എന്ന് ഒർമിപ്പിച്ചിരുന്ന നെഹ്‌റുവിന്‍റെ 134ാമത് ജന്മദിനമാണ് 2023 നവംബര്‍ 14. ഈ ദിവസം മറ്റേതൊരു ശിശുദിനത്തെയും പോലെ ആഘോഷിച്ച് തീര്‍ന്നുപോകാതെ നമ്മുടെ കുട്ടികള്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും, അവകാശങ്ങള്‍ക്കായി ചിന്തിക്കാനും തങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും ചിന്തിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജവം ഓരോ കുട്ടിയിലുമുണര്‍ത്താനും നമുക്ക് ഓരോരുത്തര്‍ക്കുമാകണം.ഇന്ത്യയിലെമ്പാടുമുള്ള കുട്ടികള്‍ ശിശുദിനാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോൾ മറ്റൊരു വശത്ത് കുട്ടികൾ മരിച്ചു വീണു കൊണ്ടിരിക്കുകയാണ്. യുദ്ധങ്ങളിലും കലാപങ്ങളിലും വംശവെറിയാലും മറ്റുമായി ജീവന്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ അന്താരാഷ്‌ട്ര ശരാശരി എന്നത് ഒരു ദിവസം 20 കുട്ടികള്‍ എന്ന നിലയിലാണ് (യൂണിസെഫ് കണക്ക്) വലിയ ഭീകരമാണ്ഈ അവസ്ഥ. പലസ്തീന്‍ കുട്ടികളുടെ കാര്യത്തില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്ന അവസ്ഥയാണ്. അതായത് ഒരു ദിവസം 150ഓളം കുട്ടികള്‍. മാരകമായി പരിക്കേല്‍ക്കുന്നവരോ ബന്ധുമിത്രാദികള്‍ നഷ്ടമാകുന്നവരോ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല എന്നത് നമ്മെ വല്ലാതെ പേടിപ്പിക്കുന്നു. അതും കൂട്ടിച്ചേര്‍ത്താല്‍ സംഖ്യ ഇനിയും വലുതാകും.കഴിഞ്ഞ ഒരു മാസത്തിലധികമായി നടന്നു വരുന്ന സംഘര്‍ഷത്തില്‍ ഗാസയിലെ കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിച്ച് സുക്ഷിതത്വം കൂടുതല്‍ പരിങ്ങലിലായിരിക്കുന്നു. പ്രസവാശുപത്രിക്കു നേരേ ഇസ്രയേല്‍ സൈന്യം നീങ്ങുന്നു എന്ന വാര്‍ത്ത ഏറെ ഭയാശങ്ക ഉളവാക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച് അന്താരാഷ്‌ട്ര നിയമങ്ങളെ കാറ്റില്‍ പറത്തുകയാണ്.യുദ്ധങ്ങളും സംഘര്‍ഷങ്ങളും എന്നും കുട്ടികള്‍ക്കിണങ്ങിയ വര്‍ണശബളമായ ലോകത്തെ മൂകതയിലേക്കും ചാരത്തിലേക്കും കൂപ്പു കുത്തിച്ചിട്ടേയുള്ളൂ. ഇന്നും മായാതെ നില്‍ക്കുന്ന ചിത്രങ്ങളാണ്, വിയറ്റ്‌നാം യുദ്ധത്തില്‍ മനസിനും ശരീരത്തിനും മുറിവേറ്റ് കത്തിത്തീര്‍ന്ന വസ്ത്രം പോലും അവഗണിച്ച് ജീവനു വേണ്ടി ഓടുന്ന ഫാന്‍ തീ കിം ഫുക്കും, മെഡിറ്ററേനിയന്‍ തീരത്ത് ആരെയും കണ്ണീരിലാഴ്ത്തും വിധം മരണം വരിച്ച അലന്‍ കര്‍ദി എന്ന ഇറാന്‍ ബാലനും, മരണപ്പെടുന്ന കുട്ടികളെ തിരിച്ചറിയാന്‍ കുഞ്ഞുങ്ങളുടെ കാലിലും മറ്റും പേരെഴുതി കാത്തിരിക്കേണ്ടി വരുന്ന പലസ്തീന്‍ ജനതയും ഇതിന്‍റെ നേര്‍ചിത്രങ്ങളാണ്.ഇന്ത്യയിലേക്ക് വന്നാലോ, മണിപ്പുരിലെ സംഘര്‍ഷങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല, തമ്മിൽ ഭേദം ഉണ്ടാകില്ല എന്ന് നെഹ്‌റു പറഞ്ഞ കുട്ടികളില്‍, മതസ്പർധ ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നതിന്‍റെ ഭീകരത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അദ്ധ്യാപിക തന്നെ മതത്തിന്‍റെ പേരില്‍ മറ്റൊരു മതത്തില്‍പ്പെട്ട കുട്ടിയെ തല്ലാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രാജ്യത്തിന്‍റെ സമീപകാല ഉദാഹരണമാണ്. അതിനൊപ്പം തന്നെ ശാസ്ത്രവബോധത്തോടെയും ചരിത്ര വസ്തുതകളുടെ കൃത്യമായ അറിവോടും കൂടി വളരുക എന്ന കുട്ടികളുടെ അവകാശങ്ങളെയും തുരങ്കം വയ്ക്കുന്ന പല നടപടികള്‍ക്കും നാം ഇന്ന് ദൃക്‌സാക്ഷികളാവുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!