മംഗളൂരു: ഉഡുപ്പിയിൽ യുവതിയെയും മക്കളെയും കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് ലഭിക്കുന്ന സൂചന. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയുടെ എയര്‍ഹോസ്റ്റസുമായ അഫ്‌സാനെ (23) യെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ 8.30നും ഒന്‍പതിനുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ജീവനക്കാരന്‍ ശ്യാമിന്റെ മൊഴിയില്‍ നിന്നാണ് അയാള്‍ ബംഗളൂരുവില്‍ നിന്നാണ് ഉഡുപ്പിയില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ബംഗളൂരു കന്നഡ ഭാഷ സംസാരിച്ചിരുന്നതായാണ് ശ്യാം നല്‍കിയ മൊഴി. ഇതോടെയാണ് പ്രതിയുടെയും മരിച്ച യുവതിയുടെയും ബംഗളൂരു ബന്ധം അന്വേഷണപരിധിയിലെത്തിയത്. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളില്‍ കയറിയ പ്രതി വാക്ക് തര്‍ക്കത്തിനൊടുവില്‍ അഫ്‌സാനെയാണ് ആദ്യം കുത്തിയതെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.