കോഴിക്കോട്: കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുക, ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിനാണ് പരിപാടി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹ്മദ് ദേവർകോവിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സി.പി.ഐ നേതാവ് ബിനോയ് വിശ്വം, എം.വി ശ്രേയാംസ് കുമാർ ഉൾപ്പെടെ എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളും പരിപാടിക്ക് എത്തും.മുസ്‍ലിം മതസംഘടനാ പ്രതിനിധികളായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം, എ.പി വിഭാഗം നേതാവ് സി. മുഹമ്മദ് ഫൈസി, കെ.എന്‍.എം സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുല്ലക്കോയ മദനി, എം.ഇ.എസ് പ്രതിനിധിയായി ഫസൽ ഗഫൂർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.