ന്യൂഡല്‍ഹി: ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സര്‍ക്കാരെന്ന് സുപ്രീം കോടതി. പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് തീകൊണ്ടാണ് കളിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടി ആശങ്കപ്പെടുത്തുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമസഭയുടെ നിരീക്ഷണത്തിലുള്ളതും ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തുന്നതുമാണെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് അടിസ്ഥാന തത്വം. ഭരണഘടനാപരമായ വിഷയങ്ങളില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവര്‍ണര്‍ക്കുള്ള ചുമതലയെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജൂണ്‍ 19, 20 തീയതികളില്‍ ചേര്‍ന്ന പഞ്ചാബ് നിയമസഭയുടെ സമ്മേളനം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചാണ് ആ സഭാസമ്മേളന കാലയളവില്‍ പാസ്സാക്കിയ നാല് ബില്ലുകള്‍ ഗവര്‍ണര്‍ തീരുമാനം എടുക്കാതെ പിടിച്ചുവച്ചത്. എന്നാല്‍, സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സഭാസമ്മേളനം ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് നിയമപരമല്ലെന്ന് ഗവര്‍ണര്‍ പറയുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. സഭാസമ്മേളനം നിയമപരമാണെന്നും നാല് ബില്ലുകളിലും ഉടന്‍ തീരുമാനം എടുക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. സഭാസമ്മേളനം ചേരാത്തതിന് പഞ്ചാബ് സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.നിയമസഭ പാസ്സാക്കിയ 12-ഓളം ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. ഇതിനുപുറമെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ല. ഗവര്‍ണറുടെ ഈ നടപടി ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ നവംബര്‍ 20-ന് വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. അന്ന് കോടതിയില്‍ ഉണ്ടായിരിക്കണമെന്ന് അറ്റോര്‍ണി ജനറലിനോടും സോളിസിസ്റ്റര്‍ ജനറലിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. കേരളത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ നിരീക്ഷിച്ചിരുന്നത്. സുപ്രീം കോടതി വെബ് സൈറ്റില്‍ കേരളത്തിന്റെ ഹര്‍ജി 20-ാം തീയതി പരിഗണിക്കാന്‍ സാധ്യത എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!