തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ ഒരാഴ്ചയോളം നീണ്ടുനിന്ന കേരളീയത്തിന്റെ സമാപനച്ചടങ്ങിൽ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാൽ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേരളീയത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു സമാപനച്ചടങ്ങിൽ ഒ രാജഗോപാൽ നിറസാന്നിധ്യമായി മാറിയത്.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഒ രാജഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം സ്വാഗതം ചെയ്തു. മുഖ്യമന്ത്രി സ്വാഗതമരുളിയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനു സമീപം എത്തി ഹസ്തദാനം നൽകി.അതേസമയം, കേരളീയം പൂർണ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിപാടിക്കെതിരായ വിമർശനങ്ങൾ മുഖ്യമന്ത്രി തള്ളി. പലരുടെയും എതിർപ്പ് കേരളീയം പരിപാടിയോടല്ലെന്ന് പറഞ്ഞ പിണറായി, കേരളീയം വർഷം തോറും തുടരുമെന്നും പ്രഖ്യാപിച്ചു.കേരളീയത്തിനെതിരായി ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് പരിപാടിയുടെ നെഗറ്റീവായ വശങ്ങളെക്കുറിച്ചായിരുന്നില്ല. നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടല്ലോ എന്ന ചിന്തയാണ് വേണ്ടത്. ഇക്കാര്യം ജനങ്ങള്‍ കൃത്യമായി മനസിലാക്കി പരിപാടി വലിയ വിജയമാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളീയത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.