മൂവാറ്റുപുഴ: അതിഥിത്തൊഴിലാളികളുടെ ഇരട്ടകൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയില്‍ മാറാടി സ്വദേശി റിയാസ് നടത്തുന്ന തടിമില്ലിലാണ് ഇവിടത്തെ തൊഴിലാളികളും അസം സ്വദേശികളുമായ മോഹന്ത സ്വര്‍ഗിയാരി (40), ദീപാങ്കര്‍ ബസുമ്മ (37) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇവരുടെ കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ മുറിവുണ്ട്. ദേഹത്തും പരിക്കുണ്ട്. കൂടെ മുറിയിലുണ്ടായിരുന്ന ഗോപാല്‍ മാലിക്കിനെ (20) യാണ് കാണാതായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഗോപാല്‍ നാടുവിട്ടതായാണ് പ്രാഥമിക നിഗമനം.മില്ലിലെ അറക്കവാളുകൊണ്ട് രണ്ടുപേരെ കഴുത്തറുത്തുകൊന്നു എന്നാണ് ആദ്യം വാര്‍ത്ത പരന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നാട്ടിലറിയുന്നത്. ഭാര്യമാര്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നതോടെയാണ് തൊഴിലാളികളെ അന്വേഷിക്കുന്നത്. രാവിലെ മുതല്‍ ശ്രമിച്ചിട്ടും ഫോണില്‍ കിട്ടാതെ വന്നതോടെ ഒരാളുടെ ഭാര്യ മില്ലുടമ റിയാസിനെ വിളിച്ചു. ഞായറാഴ്ച മില്ല് അവധിയിലായിരുന്നതിനാല്‍ സ്ഥലത്തുപോയി നോക്കാന്‍ ആളെ വിട്ടു. ചാരിയിട്ടിരിക്കുന്ന മുറിയുടെ വാതില്‍ക്കല്‍നിന്ന് വിളിച്ചിട്ടും ഉണരാതെ വന്നതോടെ വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചു. പുതപ്പില്‍ പിടിച്ച് വലിച്ച് എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോഴാണ് രക്തം ഒഴുകിക്കിടക്കുന്നതു കണ്ടത്. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. തൊടുപുഴ-മൂവാറ്റുപുഴ റോഡിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മില്ലിന്റെ പരിസരത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ട്. മറ്റ് രണ്ട് തടിമില്ലും ഇതിനടുത്തുണ്ട്. ജനം തടിച്ചുകൂടിയതോടെ റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഥലത്തുനിന്നു കാണാതായ ഗോപാല്‍ മാലിക് എന്ന ഒഡിഷക്കാരനായ തൊഴിലാളിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളുടെ ഫോണ്‍ കോളുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ പോലീസിനു കിട്ടിയിട്ടുണ്ട്. ഇയാള്‍ കേരളം വിട്ടതായിട്ടാണ് ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ഫോണുകള്‍ ഇയാള്‍ കൊണ്ടുപോയതായാണ് സൂചന. ശനിയാഴ്ച മില്ലില്‍ ശമ്പളം നല്‍കിയിരുന്നു. ഈ പണം കവര്‍ന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.കൊല്ലപ്പെട്ടവരും ഗോപാലും തമ്മില്‍ കാര്യമായ വഴക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മില്ലിലുള്ളവര്‍ പറയുന്നത്. ബസ്-റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. വേണ്ടിവന്നാല്‍ അടുത്തദിവസംതന്നെ അന്വേഷണ സംഘം മറുനാട്ടിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഗോപാലിന്റെ നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അവിടെ ഇയാള്‍ മുന്‍പ് കേസില്‍ പെട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഗോപാല്‍ പിടിയിലായാല്‍ മാത്രമേ, സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.തടിമില്ലില്‍ ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി മൂവാറ്റുപുഴ പോലീസ് പലവട്ടം അതിഥിത്തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തിയിരുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സൗകര്യത്തിനായി ഞായറാഴ്ച അടക്കം പോലീസ് ക്യാമ്പ് നടത്തിയിട്ടും സഹകരിക്കാത്ത നിരവധി പേരുണ്ട്.ഇപ്പോള്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തപ്പോള്‍ ഇവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ആലുവയിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ മറുനാട്ടുകാരനെ കുറ്റക്കാരനായി കോടതി വിധിച്ചതിനു പിന്നാലെയാണ് മൂവാറ്റുപുഴയില്‍ രണ്ടുപേരുടെ കൊലപാതകം. മറുനാടന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനും പോലീസിനു നല്‍കാനും ഉടമകള്‍ തയ്യാറാവാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!