മലപ്പുറം: പതിനാറുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് അറസ്റ്റിൽ. മലപ്പുറത്ത് കുറ്റിപ്പുറത്താണ് സംഭവം. വെങ്ങാട് തുപ്പന്‍താഴത്ത് സൈതലവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈതലവിയും 16കാരനായ മകനും വെങ്ങാട് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരുമ്പോൾ പൊലീസ് കൈ കാണിക്കുകയായിരുന്നു. രേഖ പരിശോധിച്ചതോടെ മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി.ആധാര്‍ ഉള്‍പ്പടെ പരിശോധിച്ചാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചത്. ചോദ്യം ചെയ്തപ്പോള്‍ പിതാവ് അനുമതി നല്‍കിയതിനാലാണ് ഡ്രൈവ് ചെയ്തതെന്ന് കുട്ടി മൊഴി നല്‍കി. അതോടെ സൈതലവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവന് അപായം വരുത്തും എന്നുള്ള അറിവോടു കൂടി പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കി എന്ന കുറ്റം ചുമത്തിയാണ് സൈതലവിക്കെതിരെ പൊലീസ് നടപടിയെടുത്തത്.അറസ്റ്റ് ചെയ്ത സൈതലവിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുറ്റിപ്പുറം എസ്.ഐ സെല്‍വകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്തോഷ്‌കുമാര്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് വാഹന പരിശോധന നടത്തവെയാണ് സൈതലവി പൊലീസിനു മുന്നില്‍ പെട്ടത്.