തിരുവനന്തപുരം: പലസ്തീൻ അനുകൂല റാലിക്ക് ഇല്ലെന്ന ലീഗിന്‍റെ നിലപാട് മുഖവിലയ്ക്ക് എടുക്കുന്നുവെന്ന് സിപിഎം. മറ്റൊരു മുന്നണിയിലെ ഘടകക്ഷി എന്ന നിലയിൽ മാന്യമായ സമീപനമാണ് അതെന്നുമാണ് സിപിഎം നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എന്നാൽ റാലിയിൽ സാങ്കേതിമായി മുസ്ലീം ലീഗ് പങ്കെടുക്കില്ലെങ്കിലും അണികളെത്തുമെന്ന അത്മവിശ്വാസത്തിലാണ് സിപിഎം. എങ്കിലേ പരിപാടി വിജയിക്കുകയുള്ളൂ എന്നും അല്ലാത്തപക്ഷം പരാജയപ്പെടുമെന്നമാ ണ് രാഷ്ട്രീയ വിലയിരുത്തൽ,പലസ്തീൻ അനുകൂല നിലപാടിനേയും റാലിയേയും പിന്തുണക്കുന്നു, എന്നാൽ സിപിഎമ്മിനൊപ്പം വേദി പങ്കിടാൻ സാങ്കേതികമായി തടസമുണ്ട്. ലീഗിന്‍റെ ഈ നിലപാടിനെ പൂർണ്ണമായും ഉൾക്കൊള്ളുകയാണ് സിപിഎം. മറ്റൊരു മുന്നണിയിലെ ഘടക കക്ഷിയെന്ന നിലയിൽ ലീഗിന്‍റെ പരിമിതി മനസിലാക്കുന്നു. മാത്രമല്ല റാലിക്കെത്തില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും അണികളെ തടയില്ലെന്ന ആത്മവിശ്വാസവും സിപിഎം നേതാക്കൾക്കുണ്ട്. മതസംഘടനകളുടെ ബാനറിൽ ലീഗ് അണികളും റാലിയിലുണ്ടാകും. മത സംഘടനയിലെ അംഗങ്ങൾ എന്ന നിലയിലാവും പങ്കാളിത്തമെങ്കിലും ന്യൂനപക്ഷങ്ങളുടെ പൊതു വികാരം എന്ന തരത്തിലുള്ള രാഷ്ട്രീയ പ്രതിഫലനമാണ് അതുണ്ടാക്കുക. ചുരുങ്ങിയത് 30000 പേരെങ്കിലും റാലിക്ക് എത്തുമന്നും സിപിഎം പറയുന്നു. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതോടെ, മുന്നണിയുടെ കെട്ടുറപ്പിൽ രാഷ്ട്രീയ ആശ്വാസം കണ്ടെത്തുകയാണ് കോൺഗ്രസ്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിപിഎം വിരിച്ച രാഷ്ട്രീയവലയിൽ വീഴാതെ ലീഗ് യുഡിഎഫിനെ കാത്തത്.