കൊച്ചി: എറണാകുളം കളമശേരി സ്ഫോടനത്തില്‍ മരിച്ച ഏഴാം ക്ലാസ്സുകാരി ലിബ്നയുടെ അവസാന ഓർമ്മകൾ പങ്കുവച്ച് അധ്യാപിക. പ്രിയപ്പെട്ട ടീച്ചർക്ക് ലിബ്ന സമ്മാനിച്ച അവസാനത്തെ കത്ത് അമൂല്യസ്വത്തായി സൂക്ഷിക്കുമെന്നും അവൾ ഞങ്ങൾക്ക് പ്രിയങ്കരി ആണെന്നും അധ്യാപിക ബിന്ദു പറഞ്ഞു.അവളിനി തിരിച്ചുവരില്ലെന്ന് ഞങ്ങൾക്കാർക്കും ഉൾക്കൊള്ളാനാകുന്നില്ല..’ പ്രിയ വിദ്യാർഥിനിയെ കുറിച്ചുള്ള ബിന്ദു ടീച്ചറുടെ വാക്കുകൾ ഇടയ്ക്കുവെച്ച് മുറിഞ്ഞു.കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരി ലിബ്നയുടെ ക്ലാസ് ടീച്ചറാണ് ബിന്ദു. മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സ്ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റ ലിബ്ന കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ അർധരാത്രിയോടെയാണ് മരിച്ചത്.‘പഠനത്തിൽ മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു ലിബ്ന. എല്ലാ അധ്യാപകരുടേയും പ്രിയങ്കരി,’ ബിന്ദു ടീച്ചർ പറയുന്നു. ‘ക്ലാസ്സ് ലീഡറും അവളായിരുന്നു. കഴിഞ്ഞ മാസം രണ്ടാഴ്ച ഞാൻ ലീവ് ആയിരുന്നു. ആ സമയത്ത് ലിബ്നയും കൂട്ടുകാരികളും ചേർന്ന് എനിക്കൊരു കത്തയച്ചു. ലിബ്നയായിരുന്നു അതെഴുതിയത്. അവളുടെ സ്നേഹവും നിഷ്കളങ്കതയുമെല്ലാം ആ കത്തിൽ ഉണ്ടായിരുന്നു. അതിനി ഒരു അമൂല്യ നിധിയായി, അവളുടെ ഓർമയായി സൂക്ഷിക്കാം.’‘സമ്മേളനത്തിന് പോകും മുമ്പ് വ്യാഴാഴ്ചയാണ് ലിബ്ന അവസാനം ക്ലാസ്സിൽ വന്നത്. അന്ന് അസംബ്ലിയിൽ പത്രം വായിച്ചത് അവളായിരുന്നു. അവസാനത്തെ പിരിയഡ് എന്റെ മാത്സ് ക്ലാസ് ആയിരുന്നു. അത് അവസാനത്തെ കാഴ്ചയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ ടീച്ചർ പറഞ്ഞുനിർത്തി.വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ സമ്മേളനം ആരംഭിച്ചത്. ഞായറാഴ്ച സമ്മേളനം സമാപിക്കാനിരിക്കെയായിരുന്നു സ്ഫോടനം. ഓഡിറ്റോറിയത്തിൽ സ്ഫോടനം നടന്ന മധ്യഭാഗത്തായിരുന്നു ലിബ്നയും കുടുംബവും ഇരുന്നിരുന്നത്.സ്ഫോടനത്തിൽ ലിബ്നയുടെ അമ്മ റീനയ്ക്കും (സാലി) രണ്ട് സഹോദരന്മാർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ റീനയുടെയും മൂത്ത മകൻ പ്രവീണിന്റെയും നില ഗുരുതരമാണ്. രണ്ടാമത്തെ മകൻ രാഹുൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ലിബ്നയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാചകത്തൊഴിലാളിയായ പ്രദീപനാണ് ലിബ്നയുടെ പിതാവ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!