കൊച്ചി: മുന്നറിയിപ്പില്ലാത്ത ട്രെയിൻ വൈകിയതോടെ യാത്രക്കാരൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനു പരാതി നൽകി. ചെന്നൈ – ആലപ്പി എക്സ്പ്രസ് ആണ് മുന്നറിയിപ്പ് പോലും ഇല്ലാതെ13 മണിക്കൂർ വൈകിയത്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹൻ ആണ് പരാതി നലകിയത്. ഇതോടെ റെയിൽവേ നഷ്ടപരിഹാരമായി 60,000 രൂപ നൽകാൻ ഉത്തരവായി.എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ആണ് ഉത്തരവിറക്കിയത്. ചെന്നൈയിൽ കമ്പനിയുടെ ഉന്നതല യോഗത്തിൽ പങ്കെടുക്കുന്നതിനാണ് കാർത്തിക് മോഹൻ ചെന്നൈ- ആലപ്പി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ട്രെയിൻ കയറുന്നതിനായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും എന്ന അറിയിപ്പ് റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ പരാതിക്കാരന് ചെന്നൈയിൽ നടന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. കൂടാതെ ഒട്ടനവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതാൻ തയ്യാറായിവന്ന വിദ്യാർഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പില്ലാത്ത വൈകല്‍ ദുരിതത്തിലാക്കി.റെയിൽവേയുടെ നിരുത്തരവാദിത്തപരമായ ഈ പ്രവർത്തികാരണം സാമ്പത്തിക മാനസിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാൽ യാത്രയുടെ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ല, അതിനാലാണ് കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നത് എന്ന വിചിത്ര വാദം ഉന്നയിച്ചാണ് പരാതിയെ റെയിൽവേ പ്രതിരോധിക്കാൻ ശ്രമിച്ചത്.റെയിൽവേയുടെ വാദങ്ങളെ കമ്മീഷൻ പൂർണമായും തള്ളി. ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത്. ഇത് നേരത്തെ അറിയാമായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർ പരാജയപ്പെട്ടതായും കണ്ടെത്തി.യാതൊരു ന്യായീകരണവും ഇല്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയിൽവേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണമെന്നും കമ്മീഷൻ വിലയിരുത്തി. യാത്രക്കാർക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയിൽവേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്ന് കമ്മീഷൻ ഓർമിപ്പിച്ചു. തുടർന്ന് സേവനത്തിൽ വീഴ്ചവരുത്തിയ ദക്ഷിണ റെയിൽവേ, അൻപതിനായിരം രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് കമ്മീഷൻ പ്രസിഡൻറ് ഡി.ബി.ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!