തിരുവനന്തപുരം: കേരളത്തിന്‍റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ തിരക്കിലാണ് അധികൃതർ. നാല് കോടിയോളം രൂപയാണ് പ്രചാരണത്തിന് മാത്രം വകയിരുത്തിയത്. അതേസമയം ശമ്പളവും പെൻഷനും വീണ്ടും മുടങ്ങിയതോടെ കെഎസ്ആർടിസിയെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങൾക്കു പട്ടിണി തുടരുകയാണ്. ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകിയിട്ടില്ല. രണ്ടു മാസത്തെ പെൻഷൻ മുടങ്ങിയതോടെ 40,000 പെൻഷൻകാരും പട്ടിണിയിലാണ്.പ്രതിഷേധം മാനേജ്മെന്റ് കണ്ടതായി നടിക്കുന്നില്ല. സർക്കാരിന്റെ അവഗണനയും തുടരുന്നു. 40 കോടി രൂപയാണ് സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു നൽകാൻ വേണ്ടത്. 142 കോടി രൂപയാണ് രണ്ടു മാസത്തെ പെൻഷൻ കൊടുക്കാനും വേണ്ടത്. പണമില്ലെന്ന ധനവകുപ്പിന്റെ മറുപടി കെഎസ്ആർടിസി ജീവനക്കാരോടും പെൻഷൻകാരോടും ആവർത്തിക്കുകയാണു ഗതാഗതവകുപ്പ് ചെയ്യുന്നത്.ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) കെഎസ്ആർടിസി ഫിനാൻസ് ഓഫിസറെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ സിഎംഡിയുടെ ഓഫിസിൽ സമരം നടത്തിയപ്പോൾ ഇന്നലെ നൽകുമെന്നായിരുന്നു മാനേജ്മെന്റ് നൽകിയ ഉറപ്പ്. ഇന്നലെ വൈകിട്ടും ശമ്പളം നൽകാതാത്തോടെയായിരുന്നു ഉപരോധം. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.അജയകുമാർ, ഓർഗനൈസിങ് സെക്രട്ടറിമാരായ എസ്.കെ.മണി, ആർ.ജി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!