കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഇനിയും പരിഹരിക്കപ്പെടാത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം തേടി മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കോഴിക്കോട്, വയനാട് കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷൻ അടിവാരം മുതല്‍ ലക്കിടി വരെ നീളുന്ന ഗതാഗതക്കുരുക്കിൽ കുട്ടികളും വയോധികരും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. പ്രശ്നകൾക്ക് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജു നാഥ് സംഭവത്തിൽ അധികൃതർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ മുൻകൂട്ടി അറിയിക്കണമെന്നും നിർദ്ദേശിച്ചു.അതേസമയം, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ പാതകൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ബൈപ്പാസും തുരങ്ക പാതയുമുൾപ്പെടെയുള്ള ബദൽ മാർഗങ്ങൾക്കുള്ള നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം. അതേസമയം, ബദൽ റോഡുകൾക്കായി വനംവകുപ്പിന്റെ സഹകരണമുണ്ടാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വനംവകുപ്പുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ എന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് ബദൽ പാതയെന്ന ആവശ്യം വീണ്ടും സജീവമാകുന്നത്. പൂഴിത്തോട് – പടിഞ്ഞാറത്തറ പാത, ചിപ്ലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ്, ആനക്കാംപൊയിൽ – കള്ളാടി, മേപ്പാടി തുരങ്കപാത എന്നീ ബദൽ പാതകൾക്കാണ് ആവശ്യമുയരുന്നത്