കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ കുടുംബശ്രീ യോഗത്തിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്കു പരിക്ക്. മിന്നലേറ്റ വീട് ഭാഗികമായി തകർന്നു. കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണു തകർന്നത്.പരുക്കേറ്റവരെ ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഇടിമിന്നലേറ്റ് വീടിന്റെ കോൺക്രീറ്റ് തൂണും ജനൽ ചില്ലും കസേരകളും വയറിങ്ങും ഉൾപ്പെടെ തകർന്നു.അതിനിടെ, കണ്ണവം കോയാറ്റിൽ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടമുണ്ടായി. ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ചെമ്പാടൻ ജനാർദ്ദന്റെ വീടിനു മുകളിലാണ് തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണത്. വീടിനു പിന്നിലെ മേൽക്കൂരയും മുകളിലത്തെ നിലയിലെ മേൽക്കൂരയും തകർന്നു. ആർക്കും പരുക്കില്ല.