കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് അതിജീവിത. പ്രതിക്കെതിരെ പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും ആളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.ഇതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 10-നാണ് കേസിനാസ്പദമായ സംഭവം. സെക്യൂരിറ്റി സൂപ്പർവൈസറായ സുരേഷിനെതിരെയാണ് യുവതി പരാതി നൽകിയത്. യുവതി ജോലി കഴിഞ്ഞു വസ്ത്രം മാറുന്നതിനിടയിൽ സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കേസിലെ ആരോപണ വിധേയനെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.ഇതിനിടയിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിൽ പോലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നില്ലെന്നും മേൽ കോടതിയെ സമീപിക്കാൻ പ്രതിയ്‌ക്ക് പോലീസ് അവസരം കൊടുക്കുകയാണെന്നും യുവതി ആരോപിച്ചു. ശക്തമായ പ്രതിഷേധവുമായി ദളിത് സംഘടനകളും രംഗത്ത് എത്തി. നീതി ലഭിക്കും വരെ പോരാട്ടം തുടരാൻ ആണ് അതിജീവിതയുടെയും പ്രതിഷേധക്കാരുടെയും തീരുമാനം