കാസർകോട്: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന വീട്ടമ്മ എക്‌സൈസ് പിടിയിൽ. കുമ്പള സ്വദേശി സുഹറാ ബീവി(40)യാണ് പിടിയിലായത്. ഇവർ വീട് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.നാല് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയും ഭർത്താവും ചേർന്ന് പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തിയത്. എന്നാൽ പോലീസ് എത്തുന്നതിന് മുൻപായി സുഹറ വീട്ടിൽ നിന്ന് കടന്നുകളഞ്ഞു. കഴിഞ്ഞ നാലുമാസമായി ഇവർ ഒളിവിലായിരുന്നു. ഒളിവുവാസത്തിനിടെ ഇവർ വീട്ടിൽ തിരിച്ചെത്തിയതറിഞ്ഞ് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എക്‌സൈസ് സംഘം വീട് വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ പ്രദേശത്തെ കഞ്ചാവ് വിൽപ്പന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് എക്‌സൈസ് അധികൃതർ പറയുന്നു.പോലീസ് പിടികൂടുന്ന സമയത്തും ഇവരുടെ പക്കൽ നിന്നും 30 ഗ്രം കഞ്ചാവ് പിടികൂടിയിരുന്നു. ഇവർ നേരത്തെയും നാർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.