ഹരിപ്പാട്: വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയതിൽ അസ്വഭാവികത തോന്നി പിന്നീട് നടത്തിയ സിസിടിവി അന്വേഷണത്തിൽ പ്രതി പിടിയിലായി. ഹരിപ്പാട് തുലാം പറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രൻ (70) നെയാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകം എന്ന് സ്ഥിതീകരിച്ചു.മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ രഹസ്യമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചന്ദ്രന്റെ സുഹൃത്ത് തുലാംപറമ്പ് വടക്കും മുറിയിൽ മാടവന കിഴക്കേതിൽ വീട്ടിൽ ഗോപാലകൃഷ്ണനെ (67) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മൂന്ന് ദിവസത്തിനുള്ളിലാണ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ 16ന് ചെറുതന വെട്ടുവേലിൽ ദേവീക്ഷേത്രത്തിന്റെ മുൻ ഭാഗത്തുള്ള ചെറിയ ചാലിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം അഴുകിയ നിലയിലും തലയിലും ശരീരത്തിലും മുറിപ്പാടുകളുള്ള നിലയിലുമായിരുന്നു. രാവിലെ ക്ഷേത്രത്തിൽ എത്തിയ ഭക്തർ പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നെടുത്തു നിന്നും 100 മീറ്റർ അകലത്തിൽ റോഡിൽ ഇദ്ദേഹത്തിന്റെ സൈക്കിൾ കണ്ടെത്തിയിരുന്നു. കഴുത്തിൽ ഉണ്ടായിരുന്ന മാലയും വിരലിൽ കിടന്നിരുന്ന മോതിരവും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നെങ്കിലും മാല വീട്ടിൽ നിന്നും ലഭിച്ചിരുന്നു.