ശബരിമല: പുതിയ ശബരിമല മേല്‍ശാന്തിയായി ഏനാനെല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തത് തൃശൂര്‍ പുങ്ങാട്ട്മന പി.ജി മുരളിയെയാണ്. പി.എന്‍ മഹേഷ് നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. മേല്‍ശാന്തിയെ ആദ്യനറുക്കെടുപ്പില്‍ തന്നെ തെരഞ്ഞെടുത്തു. എന്നാൽ മുരളിയെ തെരഞ്ഞെടുത്തത് ഏഴാമത്തെ നറുക്കിലാണ്.പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകള്‍ നറുക്കെടുത്തത്. ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങും. നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും.