ഡൽഹി: സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക.മേയ് 11ന് കേസ് വിധി പറയാനായി മാറ്റിയിരുന്നു. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയിരുന്നു. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടത്. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.സ്വവർഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികൾക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മിറ്റി നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നൽകുന്ന വിഷയം പാർലമെൻറിന് വിടണമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ പാർലമെൻറ് ഇതിൽ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങൾ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹർജിക്കാർ വാദിച്ചു. വിവാഹത്തിന് സാധുത നൽകിൽ കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാർഗരേഖ നൽകണമെന്ന ആവശ്യവും ഉയർന്നു. കേന്ദ്രം അഭിപ്രായം ചോദിച്ചെങ്കിലും കേരളം ഉൾപ്പെട പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചില്ല. ജമാഅത്ത് ഉലമ, അഖിലേന്ത്യാ സന്ന്യാസി സമിതി തുടങ്ങിയ മത സംഘടനകൾ സ്വവർഗ വിവാഹത്തെ എതിർക്ക് കേസിൽ കക്ഷി ചേർന്നിരുന്നു